< Back
Kerala
പരാജയഭീതി മൂലം സിപിഎമ്മിന് ഭ്രാന്തിളകി, ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കൽ: മുഹമ്മദ്‌ ഷിയാസ്
Kerala

പരാജയഭീതി മൂലം സിപിഎമ്മിന് ഭ്രാന്തിളകി, ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കൽ: മുഹമ്മദ്‌ ഷിയാസ്

Web Desk
|
29 Nov 2025 6:05 PM IST

''പറവൂരിൽ ഏതെങ്കിലും വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ലെങ്കിൽ എന്തിനാണ് സിപിഎമ്മിന് ഇത്ര അസ്വസ്ഥത''

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഉന്നയിച്ച ആക്ഷേപം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

''വർഗീയതയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ആളാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഏഴായിരത്തിലധികം വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. പറവൂരിൽ ഏതെങ്കിലും വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികൾ ഇല്ലെങ്കിൽ എന്തിനാണ് സിപിഎമ്മിന് ഇത്ര അസ്വസ്ഥത.

ബിജെപിക്ക് സ്ഥാനാർത്ഥികൾ ഇല്ലാത്തതിന് സിപിഎം ജില്ലാ സെക്രട്ടറി വാവിട്ടു കരയുകയാണ്. സിപിഎം മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എസ് ശർമയുടെ ഭാര്യയ്ക്ക് പറവൂർ മുനിസിപ്പാലിറ്റിയിലേക്ക് പാർട്ടി ചിഹ്നം പോലും സിപിഎം നൽകിയില്ല. ഉയർന്ന നേതാവിന്റെ ഭാര്യ പോലും മത്സരിക്കുന്നത് കപ്പും സോസറും ചിഹ്നത്തിലാണ്. ജില്ലയുടെ പല ഭാഗത്തും നല്ലൊരു ശതമാനം സ്ഥാനാർത്ഥികളും സ്വതന്ത്രചിഹ്നങ്ങളിൽ ആണ് മത്സരിക്കുന്നത്''-ഷിയാസ് പറഞ്ഞു.

''പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ വർഗീയവാദികളുടെ വോട്ട് ലഭിക്കാത്തതുകൊണ്ടാണോ സ്വതന്ത്രചിഹ്നങ്ങളിൽ മത്സരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കണം. ജില്ലയുടെ പലഭാഗത്തും ബിജെപിക്ക് സ്ഥാനാർത്ഥികളെ പോലും ലഭിക്കുന്നില്ലെങ്കിൽ ജനങ്ങൾ അത്രകണ്ട് സംഘ്പരിവാർ രാഷ്ട്രീയത്തെ അവഗണിക്കുന്നത് കൊണ്ടാണ്. കോൺഗ്രസും യുഡിഎഫും നിരന്തരമായി വർഗീയതക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾ ബിജെപിയെ പടിക്ക് പുറത്തു നിർത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്''- അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പറവൂരിൽ അവിശുദ്ധ രാഷ്ട്രീയനീക്കം നടക്കുന്നതായി സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ആരോപിച്ചിരുന്നു. പറവൂർ മുനിസിപ്പാലിറ്റിയിലെ ചില വാര്‍ഡുകളില്‍ കോൺഗ്രസിനെ സഹായിക്കാൻ ബിജെപി സ്ഥാനാർത്ഥികളെ നിറുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Similar Posts