< Back
Kerala
നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂരിൽ കെ.കെ ശൈലജയില്ലാതെ സിപിഎം സാധ്യതാ പട്ടിക; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂരിൽ കെ.കെ ശൈലജയില്ലാതെ സിപിഎം സാധ്യതാ പട്ടിക; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു

Web Desk
|
26 Feb 2026 11:15 AM IST

തളിപ്പറമ്പിൽ നികേഷ് കുമാറിന്റെ പേരില്ല, പകരം പി.കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ

കണ്ണൂര്‍: കണ്ണൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്ന് സിപിഎം. മട്ടന്നൂരിൽ വി.കെ സനോജിനാണ് സാധ്യത. കെ.കെ ശൈലജ മത്സരിക്കുന്ന കാര്യം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിട്ടു. തളിപ്പറമ്പിൽ നികേഷ് കുമാറിന്റെ പേരില്ല, പകരം പി.കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ. തലശ്ശേരിയിൽ കാരായി രാജനും,പയ്യന്നൂരിൽ ടി.ഐ മധുസൂദനും മത്സരിച്ചേക്കും.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ആലോചനകൾക്കായുള്ള സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ നാളെയാണ് പൂർത്തിയാവുക. പൂർത്തിയായ ഭൂരിഭാഗം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും സിറ്റിംഗ് എംഎൽഎമാരെ വീണ്ടും കളത്തിലിറക്കണമെന്ന പ്രാഥമിക ചർച്ചകളാണ് നടന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും മത്സരത്തിനു ഉണ്ടാകും.

രണ്ട് ടേം നിബന്ധന പൂർണ്ണമായും ഒഴിവാക്കില്ലെങ്കിലും കർശനമാക്കേണ്ട എന്ന തീരുമാനം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികളെ അറിയിച്ചു. തലശ്ശേരിയിൽ സ്പീക്കർ ഷംസീറിനെ മാറ്റാനാണ് ആലോചന. പകരം കാരായി രാജന്റെ പേരാണ് പാർട്ടി ജില്ലാ നേതൃത്വം മുന്നോട്ട് വെച്ചത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ ഭാര്യ പി.കെ ശ്യാമളയെയാണ് പരിഗണിക്കുന്നത്. എം.വി നികേഷ് കുമാറിന് സീറ്റ് നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ശ്യാമള അല്ലെങ്കിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.സുകന്യയെ പരിഗണിക്കും. സ്പീക്കർ ഷംഷീറിന് വീണ്ടുമൊരു അവസരം നൽകില്ലെന്നാണ് സൂചന.

കൊല്ലത്ത് എം മുകേഷിന് പകരം എസ് ജയദേവൻ സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന പേരുകൾ 28ന് ആരംഭിക്കുന്ന സിപിഎം നേതൃയോഗങ്ങൾ ചർച്ച ചെയ്യും. ഇതിനുശേഷം മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കൂടി അറിഞ്ഞായിരിക്കും അന്തിമ തീരുമാനം.


Similar Posts