< Back
Kerala
വെള്ളാപ്പള്ളി പറയുന്നതിൽ സ്വീകാര്യമായ കാര്യങ്ങളുമുണ്ട്, അസ്വീകാര്യമായ കാര്യങ്ങൾ അംഗീകരിക്കില്ല ; എം.എ ബേബി
Kerala

'വെള്ളാപ്പള്ളി പറയുന്നതിൽ സ്വീകാര്യമായ കാര്യങ്ങളുമുണ്ട്, അസ്വീകാര്യമായ കാര്യങ്ങൾ അംഗീകരിക്കില്ല '; എം.എ ബേബി

Web Desk
|
4 Jan 2026 1:30 PM IST

വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കരുതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു

തിരുവനന്തപുരം:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങളിൽ സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ട്. അസ്വീകാര്യമായ കാര്യങ്ങൾ അംഗീകരിക്കില്ലെന്നും ബേബി പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളി നടേശനെ പിന്തുണക്കുന്ന സിപിഎമ്മിനെ വിമർശിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. വർഗീയപരമായ ചേരിതിരിവിന് കാരണമാകുന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കരുതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കൊപ്പം നിൽക്കുന്നവർ അതുണ്ടാക്കുന്ന സാമൂഹിക വിപത്തുകളെ കുറിച്ച് ശ്രദ്ധിക്കണമെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു.സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്ന പ്രസ്താവനകള്‍ക്കും ആളുകള്‍ക്കും ഒപ്പം നിൽക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയുള്ളവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവനയിൽ സർക്കാർ മറുപടി പറയണമെന്ന് സമസ്ത എപി വിഭാഗം. ക്രമസമാധാന പ്രശ്നമായി കണ്ട് സർക്കാര്‍ നടപടി എടുക്കണമെന്നും വെള്ളാപ്പള്ളിയുടെ അഭിപ്രായം ആരും അംഗീകരിക്കില്ലെന്നും കേരളാ മുസ്‍ലിം ജമാഅത്ത് നേതാവ് ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.

അതിനിടെ, ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറും വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി.വെള്ളാപ്പള്ളിയുടെ ആലപ്പുഴയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. വെള്ളാപ്പള്ളിയുടെ പ്രവർത്തനങ്ങൾ തന്നെ പ്രചോദിപ്പിച്ചെന്നും വിവാദപ്രസ്താവന ശ്രദ്ധയിൽപ്പെട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.


Similar Posts