< Back
Kerala
ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു; വൈസ്‌ ചാന്‍സിലര്‍ നിയമനത്തിൽ സിപിഎം
Kerala

'ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; വൈസ്‌ ചാന്‍സിലര്‍ നിയമനത്തിൽ സിപിഎം

Web Desk
|
19 Dec 2025 9:08 PM IST

നിയമനവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിപിഎം

തിരുവനന്തപുരം: വൈസ്‌ ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ സിപിഎം. ആദ്യം സമവായത്തിന്‌ തയ്യാറാവാതിരുന്ന ഗവര്‍ണ്ണര്‍ കോടതി നിലപാട്‌ കടുപ്പിച്ചതോടെ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നെന്ന് സിപിഎം പറഞ്ഞു.

നിലവിലുള്ള നിയമമനുസരിച്ച്‌ സ്ഥിരം വി.സിയെ നിയമിക്കാനുള്ള പൂര്‍ണ്ണമായ അധികാരം ചാന്‍സിലര്‍ക്കാണ്‌. എന്നാല്‍, സുപ്രീം കോടതി സമവായമുണ്ടാക്കാന്‍ ഗവര്‍ണ്ണറോടും, സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു. വൈസ്‌ ചാന്‍സിലര്‍മാരെ തീരുമാനിക്കാനുള്ള പാനല്‍ തയ്യാറാക്കുന്നതിന്‌ സുപ്രീം കോടതി റിട്ടയേര്‍ഡ്‌ ജസ്റ്റിസ്‌ അദ്ധ്യക്ഷനായ സെര്‍ച്ച്‌ കമ്മിറ്റിയും സുപ്രീം കോടതി നിശ്ചയിച്ചു. ഈ കമ്മിറ്റി മൂന്ന്‌ അംഗ പട്ടികകള്‍ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചു. ഇതില്‍ കോടതി നിര്‍ദ്ദേശ പ്രകാരം മുന്‍ഗണനാക്രമം നിശ്ചയിച്ച്‌ മുഖ്യമന്ത്രി ചാന്‍സിലറായ ഗവര്‍ണ്ണര്‍ക്ക്‌ സമര്‍പ്പിച്ചു. എന്നാല്‍, ഗവര്‍ണ്ണര്‍ ഇത്‌ അംഗീകരിക്കാതെ വിയോജിപ്പ്‌ രേഖപ്പെടുത്തി മറ്റ്‌ രണ്ട്‌ പേരുകള്‍ സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഗവര്‍ണ്ണറും, മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ സമവായമുണ്ടാക്കണമെന്ന്‌ സുപ്രീം കോടതി വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

വൈസ്‌ ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഐക്യകണ്‌ഠേന അംഗീകരിച്ചുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌ എന്ന്‌ പ്രചരിപ്പിക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

Similar Posts