Kerala
പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടത്; പാലത്തായി കേസിൽ വർഗീയ പരാമർശവുമായി സിപിഎം നേതാവ്
Kerala

'പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടത്'; പാലത്തായി കേസിൽ വർഗീയ പരാമർശവുമായി സിപിഎം നേതാവ്

Web Desk
|
23 Nov 2025 8:49 AM IST

പെൺകുട്ടിക്ക് തുണയായി നിന്നത് സിപിഎം ആണെന്നും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഹരീന്ദ്രൻ പറഞ്ഞു

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ വർഗീയ പരാമർശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രൻ. പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‍ലിം ലീഗും എസ്ഡിപിഐയും പ്രശ്നത്തിൽ ഇടപെട്ടത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ലീഗോ എസ്ഡിപിഐയോ ഇടപെടാറുണ്ടോ എന്നും ഹരീന്ദ്രൻ ചോദിച്ചു.ആർഎസ്എസ് നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലാണ് സിപിഎം നേതാവിൻ്റെ വിവാദ പരാമർശം.

'ഇക്കാലമത്രയും സിപിഎമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിന് ഉപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോടുള്ള സഹതാപമായിരുന്നുവെങ്കിൽ ഈ കേരളത്തിൽ ഉസ്താദുമാർ പീഡിപ്പിച്ച പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വാർത്ത നമ്മൾ കണ്ടിട്ടുണ്ട്.ഏത് ഉസ്താദുമാർ പീഡിപ്പിച്ച കേസാണ് ഇത്രയും വിവാദമായത്.ആ കേസിന് എന്ത് സംഭവിച്ചു എന്ന് ആരും നോക്കാറില്ല,അതിന്‍റെ പേരില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടത് എന്നതല്ല,പീഡിപ്പിച്ചത് ഹിന്ദുവാണ്,പീഡിപ്പിക്കപ്പെട്ടത് മുസ്‍ലിമാണ് എന്നാണ് എസ്ഡിപിഐയുടെ ഒറ്റ ചിന്ത.ഇത് വർഗീയതാണ്'.. പി.ഹരീന്ദ്രൻ പറഞ്ഞു.

നേരത്തെ പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷിച്ച പത്മരാജനെ ന്യായീകരിച്ചും പിന്തുണച്ചും ബിജെപി- സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തിയിരുന്നു. 'ഒരു സ്‌കൂളില്‍ മഴ പെയ്യുമ്പോള്‍ കയറിനിന്നാലെങ്കിലും മതി ആ കേസ് വ്യാജമാണെന്നറിയാന്‍' എന്നായിരുന്നു ബിജെപി നേതാവ് ശശികലയുടെ പ്രതികരണം. പത്മരാജന്റെ ഭാര്യ ഒറ്റക്കല്ല, ഞങ്ങളുണ്ട് കൂടെയെന്നും നിരപരാധിയായ പത്മരാജന്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉന്നത നീതിപീഠം ഉറപ്പുവരുത്തുമെന്നും ശശികല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സ്വയം സേവകനായത് കൊണ്ട് മാത്രമാണ് പത്മരാജന്‍ മാഷിനെ കള്ളക്കേസില്‍ കുടുക്കി ശിക്ഷിച്ചതെന്നും ഒരു ദിവസം പോലും തടവറയില്‍ കഴിയേണ്ട ആളല്ലെന്നും ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ന്യായീകരിച്ചിരുന്നു.

ഈ മാസം 15നാണ് പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജൻ. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376AB IPC പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്സോ സെക്ഷൻ 5(f) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ സെക്ഷൻ 5(l) പ്രകാരം 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.


Similar Posts