
പൊലീസ് എത്രത്തോളം അധപതിച്ചു എന്നതിന്റെ തെളിവാണ് സിപിഎം നേതാവ് സജീവിന്റെ തുറന്നുപറച്ചിൽ: ബിന്ദു കൃഷ്ണ
|പിണറായി വിജയന്റെ ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു
കൊല്ലം: പൊലീസ് എത്രത്തോളം അധപതിച്ചു എന്നതിന്റെ തെളിവാണ് സിപിഎം നേതാവ് സജീവിന്റെ തുറന്നുപറച്ചിലെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പിണറായി വിജയന്റെ ഗുണ്ടകളെ പോലെയാണ് പൊലീസ് ഇപ്പോൾ പെരുമാറുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
സിപിഎം ലോക്കൽ സെക്രട്ടറിക്ക് പോലും അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥയായി. അതാണ് പാർട്ടി തീരുമാനം ഉണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളെ വിലക്കിയതെന്നും ബിന്ദു കൃഷ്ണ മീഡിയവണിനോട് പറഞ്ഞു. അനുഭവം പറഞ്ഞ സജീവിനെ മാനസിക രോഗിയാക്കാൻ പാർട്ടി ശ്രമിക്കുന്നു. സത്യം വിളിച്ചു പറയുന്നവരുടെ നാവ് അടപ്പിക്കാൻ എന്ത് കുതന്ത്രവും പാർട്ടി ചെയ്യും. ലോക്കൽ സെക്രട്ടറിയുടെ കഴുത്തിനു പിടിച്ചു തള്ളിയ പൊലീസ് സാധാരണക്കാരനോട് എങ്ങനെയാകും പെരുമാറുകയെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.
കണ്ണനല്ലൂർ പൊലീസ് മർദിച്ചെന്നായിരുന്നു നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവിന്റെ പരാതി. സംഭവം പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയെന്നാണ് സിപിഎം വിലയിരുത്തൽ. ഇനി പരസ്യ പ്രതികരണം വേണ്ടെന്ന് സജീവിന് പാർട്ടി നിർദേശം നൽകി. ചാത്തന്നൂർ എസിപിക്ക് സജീവ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും.