< Back
Kerala
യുവതിയുടെ ആത്മഹത്യ: മുസ്‍ലിം സ്ത്രീ ഭർത്താവല്ലാത്തവരോട്  സംസാരിക്കരുതെന്ന താലിബാനിസത്തിന്റെ ഫലമെന്ന് പി.കെ ശ്രീമതി
Kerala

യുവതിയുടെ ആത്മഹത്യ: മുസ്‍ലിം സ്ത്രീ ഭർത്താവല്ലാത്തവരോട് സംസാരിക്കരുതെന്ന താലിബാനിസത്തിന്റെ ഫലമെന്ന് പി.കെ ശ്രീമതി

Web Desk
|
20 Jun 2025 3:36 PM IST

റസീനയുടെ പണവും സ്വർണവും ആൺസുഹൃത്ത് തട്ടിയെടുത്തുവെന്നും സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും അറസ്റ്റിലായവർ നിരപരാധികളാണെന്നും സിപിഎം ബ്രാഞ്ച് അംഗംകൂടിയായ റസീനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു

കണ്ണൂർ : കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ മുസ്‍ലിം സ്ത്രീ ഭർത്താവല്ലാത്തവരോട് സംസാരിക്കരുതെന്ന താലിബാനിസത്തിന്റെ ഫലമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. കായലോട് പറമ്പായി പള്ളിക്ക് സമീപം റസീനയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അവർ.

‘വടക്കേ ഇന്ത്യയിൽ കണ്ടിട്ടുള്ള സംഭവങ്ങളോട് സമാന സ്വഭാവമുള്ളതാണ് കായലോട് കണ്ടത്. തീവ്രവാദ പ്രവർത്തനത്തി​​ന്റെ ഭീകരത എത്രത്തോളമാണ് എന്നത് ബോധ്യപ്പെടുത്തുന്ന സംഭവമാണിത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണവർ. തന്റെ ഭർത്താവല്ലാത്ത ഒരാളോട് മുസ്‍ലിം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന അവരുടെ ചിന്താഗതി താലിബാനിസമാണ്. ഇത് തീവ്രവാദമല്ല, അതിനുമപ്പുറം അതിഭീകരതയാണ്. യഥാർത്ഥത്തിൽ ഇത് ആൾക്കൂട്ടക്കൊലതന്നെയാണ്’ -ശ്രീമതി പറഞ്ഞു.

മുഖ്യമന്ത്രിയു​ടെ മണ്ഡലത്തിലെ പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അത് ഇന്ന സ്ഥലത്ത് എന്നതല്ല, കേരളത്തിൽ എവിടെയായാലും പിന്നീട് ജീവിച്ചിരിക്കാൻ തോന്നാത്ത തരത്തിലുള്ള അതിഭീകരമായ മാനസിക പീഡനമാണ് അവർ അനുഭവിച്ചതെന്നും ശ്രീമതി പറഞ്ഞു.

‘നിയമം ​കൈയിലെടുക്കാൻ ഇവർക്കാരാണ് അധികാരം നൽകിയത്. മൂന്നുപേരെ മാത്രമല്ല, അതിൽ ഇടപെട്ട മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഇത്തരം ഭീകര പ്രവർത്തനവും തീവ്രവാദ വർഗീയ പ്രവർത്തനവും അവസാനിപ്പിച്ചേ പറ്റൂ. അത് കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല. അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം. അരാജകത്വത്തിലേക്കും അസാന്മാർഗികതയിലേക്കും പോകുന്നതിനോട് ആർക്കും യോജിക്കാനാവില്ല. ഈ തീവ്രവാദികളുടെ മനസ്സിലിരിപ്പാണ് ഇപ്പോൾ പുറത്തുവന്നത്. ഇത് മുളയി​ലേ നുള്ളിക്കളയണം. ഇത് അതിശക്തമായി എതിർക്കണമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം,റസീനയുടെ പണവും സ്വർണവും ആൺസുഹൃത്ത് തട്ടിയെടുത്തുവെന്നും സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും അറസ്റ്റിലായവർ നിരപരാധികളാണെന്നും സിപിഎം ബ്രാഞ്ച് കമ്മിറ്റ അംഗംകൂടിയായ റസീനയുടെ മാതാവ് സി.കെ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. അതേസമയം, പ്രതികളിലേക്ക് നയിക്കുന്ന സൂചന ആത്മഹത്യാകുറിപ്പിൽ ഉണ്ടെന്നാണ് പൊലീസിന്‍റെ പ്രതികരണം. യുവതിയുടെ പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മാതാവിന്‍റെ പരാതി അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്.

പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ പ്രതികൾ ഇരുവരെയും ചോദ്യം ചെയ്തിരുന്നു.

Similar Posts