
മക്കോക്ക മോഡല്‍ നിയമ നിര്‍മാണത്തിനെതിരെ സി.പി.എം നേതാക്കള്‍
|എളമരം കരീമും എം.എ ബേബിയും എതിര്‍പ്പ് പ്രകടിപ്പിച്ചു.
പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമ നിര്‍മാണനീക്കത്തിനെതിരെ സി.പി.എം നേതാക്കള്‍. മക്കോക്ക പോലുള്ള നിയമം വേണമെന്ന മുന്‍ ഡി.ജി.പിയുടെ ശുപാര്‍ശ സര്‍ക്കാരിന്‍റെ പരിഗണനയിലിരിക്കെ കരിനിയമങ്ങള്‍ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം മീഡിയവണിനോട് വ്യക്തമാക്കി.
ജനാധിപത്യ അവകാശങ്ങള്‍ ലംഘിച്ച് നിയമം നിര്‍മിക്കില്ലെന്ന് പി.ബി അംഗം എം.എ ബേബിയും പ്രതികരിച്ചു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. പുതിയ നിയമം ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാട്. മക്കോക്ക കേരളത്തില്‍ ആവശ്യമില്ലെന്നും പൊലീസിന് നട്ടെല്ലാണ് വേണ്ടതെന്നുമായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയത്.
ക്വട്ടേഷനും സ്വര്‍ണകടത്തും ഹവാലയമടക്കമുള്ള സംഘടിത കുറ്റകൃത്യങ്ങളും തടയാന്‍ മഹാരാഷ്ട്രയിലെ മക്കോക്കയ്ക്ക് സമാനമായ നിയമം വേണമെന്നായിരുന്നു ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ ശുപാര്‍ശ. ഇതിനുപിന്നാലെ നിയമനിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിയമം പൊലീസിന് അമിതാധികാരം നല്‍കുമെന്ന ആശങ്കയും ഉയര്‍ന്നു വന്നു. ഇതിനിടെയാണ് സി.പി.എം നേതാക്കള്‍ തന്നെ പരസ്യ എതിര്‍പ്പുമായി രംഗത്ത് വന്നത്. പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ സി.പി.എം വിശദമായ ചര്‍ച്ചകള്‍ നടത്തിയേക്കും.