
ദാറുൽ ഹുദയിലേക്കുള്ള സിപിഎം മാർച്ച് അപലപനീയം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
|രാജ്യദ്രോഹവും തീവ്രവാദ ആരോപണവും ഉയർത്തിയുള്ള മുദ്രാവാക്യങ്ങൾ ദൗർഭാഗ്യകരമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ യുവജന വിഭാഗമായ കെഎംവൈഎഫ് സംസ്ഥാന അധ്യക്ഷൻ ഷംസുദ്ദീൻ മന്നാനി
കോഴിക്കോട്: ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിക്കെതിരായ സിപിഎം പ്രതിഷേധത്തിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ.
'സംഘ്പരിവാറിന്റെ മുസ്‌ലിംവിരുദ്ധ പ്രസ്താവനയെ നാണിപ്പിക്കും വിധമുള്ള മുദ്രാവാക്യങ്ങളാണ് ഇവിടെ ഉയർന്നത്. രാജ്യദ്രോഹവും തീവ്രവാദ ആരോപണവും ഉയർത്തിയുള്ള മുദ്രാവാക്യങ്ങൾ ദൗർഭാഗ്യകരമാണെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ യുവജന വിഭാഗമായ കെഎംവൈഎഫ്( KMYF) സംസ്ഥാന അധ്യക്ഷൻ ഷംസുദ്ദീൻ മന്നാനി പറഞ്ഞു.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരുന്ന പ്രസ്ഥാനമാണ് ദാറുൽഹുദയെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കൾ ദാറുൽ ഹുദയിൽ എത്തി ഡോ. ബഹാഉദ്ദീൻ നദ്‌വിക്ക് ഐക്യദാർഢ്യം അറിയിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളായ ഇലവു പാലം ഷംസുദ്ദീൻ മന്നാനി, പനവൂർ സഹീർഖാൻ മന്നാനി, റഫീഖ് മൗലവി അൽ ഖാസിമി, അഹമ്മദ് കബീർ മന്നാനി കല്ലമ്പലം തുടങ്ങിയ നേതാക്കളാണ് ദാറുൽ ഹുദയിലെത്തിയത്.
ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാർച്ചിൽ സ്ഥാപനത്തിനെതിരെ താലിബാൻ ആരോപണവുമായി സിപിഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗം പി.കാർത്തികേയൻ രംഗത്ത് എത്തിയിരുന്നു. താലിബാന്റെ ആശയങ്ങളും ബഹുസ്വരതക്ക് കേടുവരുത്തുന്ന സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തിൽ ദാറുൽ ഹുദയിൽ നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സിപിഎം ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു കാർത്തികേയൻ.