< Back
Kerala
സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം; തൃശൂർ ജില്ലാ സെക്രട്ടറി  കൂടിക്കാഴ്ച നടത്തി
Kerala

സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം; തൃശൂർ ജില്ലാ സെക്രട്ടറി കൂടിക്കാഴ്ച നടത്തി

Web Desk
|
10 Feb 2026 2:43 PM IST

സെക്കുലറായ ഇടതുപക്ഷക്കാരനാണ് കെ.സച്ചിദാനന്ദനെന്നും അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നുവെന്നും കെ.വി അബ്ദുൽഖാദർ പറഞ്ഞു

തൃശൂര്‍: എഴുത്തുകാരൻ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ നീക്കവുമായി സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി. അരണാട്ടുകരയിലെ സച്ചിദാനന്ദന്‍റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

സച്ചിദാനന്ദൻ വിശാല കാഴ്ചപാടിൽ പറഞ്ഞ കാര്യം മറ്റൊരുതരത്തിലാണ് പ്രചരിച്ചതെന്ന് കെ.വി അബ്ദുൽഖാദർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. സെക്കുലറായ ഇടതുപക്ഷക്കാരനാണ് കെ.സച്ചിദാനന്ദനെന്നും അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നുവെന്നും കെ.വി അബ്ദുൽഖാദർ പറഞ്ഞു.

ഭരണത്തുടർച്ച വേണ്ടെന്ന പ്രസ്താവനക്കെതിരെ തന്നെ വിമർശിക്കുന്ന സൈബർ കൂട്ടങ്ങൾ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവരാണെന്ന് സച്ചിദാന്ദന്‍ പ്രതികരിച്ചിരുന്നു . സൈബർ ലോകത്ത് വിമർശിക്കുന്നവർ തന്‍റെ പുസ്തകം വായിക്കാത്തവരും തന്നെ അറിയാത്തവരുമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് തന്നെ കസ്റ്റഡിയിലെടുത്തതോ കലബുർഗി മരണത്തിൽ പ്രതിഷേധിച്ച് താൻ സാഹിത്യ അക്കാദമിയിൽ നിന്നും പുറത്തുവന്നതോ പലർക്കും അറിയില്ല. ഫാസിസത്തിനെതിരെ കാലങ്ങൾക്ക് മുമ്പേ നിലപാടെടുത്ത ആളാണ് താൻ . തന്നെ വിമർശിക്കുന്നവർക്ക് ഇതൊന്നും അറിയില്ല. അധികാരത്തിനും സ്ഥാനത്തിനുമായി താൻ ഒരു കാലത്തും എവിടെയും കയറി ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

എന്നാൽ ഭരണമാറ്റം വേണമെന്ന് സച്ചിദാനന്ദന്‍റെ പ്രസ്താവന ഗൗരവത്തിൽ കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സച്ചിദാനന്ദൻ ഇടതുപക്ഷ ബന്ധുവാണ് . ബന്ധുക്കൾ പുകഴ്ത്തണം എന്ന് മാത്രം പറയാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ സച്ചിദാനന്ദനെതിരെ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി രംഗത്തെത്തി. ഓര്‍മയും യുക്തിയും നഷ്ടമാകുന്നതായി സച്ചിദാനന്ദൻ ഈയിടെ പറഞ്ഞുവെച്ചിട്ടുണ്ട്. അത്തരം വിചിത്രമായ ഒരു പ്രസ്താവനയായി കേരളം ഇതിനെ കണക്കാക്കുമെന്നും മുരളി പറഞ്ഞു.


Similar Posts