< Back
Kerala
CPM moves to field MV Nikesh Kumar as candidate in Taliparamba
Kerala

തളിപ്പറമ്പിൽ എം.വി നികേഷ് കുമാറിനെ സ്ഥാനാർഥിയാക്കാൻ സിപിഎമ്മിൽ നീക്കം; പിന്നിൽ എം.വി ​ഗോവിന്ദൻ

Web Desk
|
14 Jan 2026 9:41 AM IST

എം.വി രാഘവനോടുണ്ടായിരുന്ന അടുപ്പത്തിൻ്റെ പേരിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ നികേഷിനെ പിന്തുണയ്ക്കുന്നത്.

കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ എം.വി നികേഷ് കുമാറിനെ എൽഡിഎഫ് സ്ഥാനാർഥി ആക്കാൻ സിപിഎമ്മിൽ നീക്കം. പാർട്ടി സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎൽഎയുമായ എം.വി ഗോവിന്ദനാണ് നികേഷിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിൽ. എന്നാൽ നികേഷിനെ മത്സരിപ്പിക്കുന്നതിനോട് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി കടുത്ത എതിർപ്പാണ് ഉയർത്തുന്നത്.

മാധ്യമപ്രവർത്തനം വിട്ട് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ നികേഷ് കുമാറിനെ സുരക്ഷിത മണ്ഡലമായ തളിപ്പറമ്പിൽ മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്. എം.വി രാഘവനോടുണ്ടായിരുന്ന അടുപ്പത്തിൻ്റെ പേരിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ നികേഷിനെ പിന്തുണയ്ക്കുന്നത്.

പത്ത് വർഷം മുൻപ് കന്നിപ്പോരാട്ടത്തിൽ അഴിക്കോട് നേരിട്ട തോൽവി നികേഷിന് വലിയ തിരിച്ചടിയായിരുന്നു. ഇത് മറികടക്കാൻ തളിപ്പറമ്പ് പോലുള്ള മണ്ഡലത്തിൽ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. നികേഷിൻ്റെ പിതാവായ എം.വി രാഘവൻ 1977ൽ തളിപ്പറമ്പിൽ നിന്നും സിപിഎം സ്ഥാനാർഥി ആയി മത്സരിച്ച് ജയിച്ചിരുന്നു. രാഘവനോട് നേരത്തെ ഉണ്ടായിരുന്ന സ്നേഹവും കരുതലും മകൻ്റെ കാര്യത്തിലും എം.വി ഗോവിന്ദൻ കാണിക്കുന്നുണ്ട്. അതിനാലാണ് തൻ്റെ പിൻഗാമി ആയി നികേഷ് വരണമെന്ന നിലപാട് അദ്ദേഹം സ്വീകരിക്കുന്നത്.

ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയി വന്നതിന് പിന്നാലെയാണ് മാധ്യമപ്രവർത്തനത്തിൽ നിന്ന് വിരമിച്ച് നികേഷ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായത്. തുടർന്ന് പാർട്ടിയുടെ സോഷ്യൽമീഡിയ വിഭാഗം തലവനുമായി. എന്നാൽ അഴീക്കോട് മണ്ഡലത്തിലെ അനുഭവം ചൂണ്ടിക്കാട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നികേഷിൻ്റെ സ്ഥാനാർഥിത്വത്തെ എതിർക്കുന്നുണ്ട്. കഴിഞ്ഞതവണ യുവ നേതാവായ വി.പി അബ്ദുൽ റഷീദിനോട് 22,000ലേറെ വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമാണ് എം.വി ഗോവിന്ദൻ നേടിയത്.

അ‌തേസമയം, രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമില്ലാത്ത നികേഷിനെ മത്സരിപ്പിച്ചാൽ കുത്തകയായ മണ്ഡലം കൈവിട്ടുപോകുമോ എന്ന ആശങ്കയാണ് പ്രാദേശിക സിപിഎം നേതൃത്വം ഉന്നയിക്കുന്നത്. ഇളക്കം തട്ടാത്ത ഇടതുകോട്ട അല്ല തളിപ്പറമ്പെന്ന തിരിച്ചറിവ് കഴിഞ്ഞ തവണ സിപിഎമ്മിന് ബോധ്യപ്പെട്ടിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് നികേഷ്കുമാറിൻ്റെ സ്ഥാനാർഥിത്വത്തെ പ്രാദേശിക നേതൃത്വം എതിർക്കുന്നത്. മണ്ഡലം കൈവിട്ടുപോകരുതെന്ന കരുതലിലാണ് മുതിർന്ന നേതാക്കൾ ആരെങ്കിലും മത്സരിക്കണമെന്ന ആവശ്യം ഏരിയാ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്.


Similar Posts