< Back
Kerala
എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷിച്ച മുൻ എസിപിയെ സ്ഥാനാർഥിയാക്കി സിപിഎം
Kerala

എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷിച്ച മുൻ എസിപിയെ സ്ഥാനാർഥിയാക്കി സിപിഎം

Web Desk
|
13 Nov 2025 6:13 PM IST

ഈ വര്‍ഷം മാര്‍ച്ചിലാണ് രത്നകുമാർ വിരമിച്ചത്

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷിച്ച മുൻ എസിപിയെ സ്ഥാനാർഥിയാക്കി സിപിഎം. കണ്ണൂർ മുൻ എസിപി ടി.കെ. രത്നകുമാറാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ സിപിഎം സ്ഥാനാർഥിയായത്.

ആത്മഹത്യാ കേസിൽ ചുമതല ഉണ്ടായിരുന്നത് രത്നകുമാറിനായിരുന്നു. എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയാണ് അദ്ദേഹം എന്നാണ് വിവരം. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് മത്സരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ഈ വര്‍ഷം മാര്‍ച്ചിലാണ് രത്നകുമാർ വിരമിച്ചത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാർഡ്.

പി.പി ദിവ്യ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ മരണം. തുടർന്ന് സിപിഎം പ്രതിരോധത്തിലാകുകയും ദിവ്യക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമടക്കം നഷ്ടമാവുകയും ചെയ്തു.

കണ്ണൂർ ചെങ്ങളായി ചേരംകുന്നിൽ പുതുതായി തുടങ്ങാനിരുന്ന പെട്രോൾ പമ്പിൻ്റെ എൻഒസിയുമായി ബന്ധപ്പെട്ട് പി.പി ദിവ്യ നടത്തിയ ആരോപണമാണ് സ്ഥലം മാറി പോകുകയായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് വഴിവെച്ചത്. റവന്യൂ സ്റ്റാഫ് കൗൺസിലിൻ്റെ യാത്രയയപ്പ് പരിപാടിയിൽ ക്ഷണിക്കപ്പെടാതെ എത്തിയാണ് നവീൻ ബാബുവിനെതിരെയുള്ള ദിവ്യയുടെ പരാമർശം. ജില്ലാ കലക്ടർ അടക്കം കാഴ്ചക്കാരായിരുന്ന ചടങ്ങിന് ശേഷം സ്വദേശത്തേക്ക് മടങ്ങാൻ പുറപ്പെട്ട നവീൻ ബാബുവിനെ അടുത്ത ദിവസം താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Similar Posts