< Back
Kerala
CPM opposes painted green colour on Kasaragod municipality wall

Photo| MediaOne

Kerala

'മതിലിന്റെ കളർ നോക്കൂ, ഇതെന്താ പാകിസ്താനോ...?'; കാസർകോട് നഗരസഭാ മതിലിന് പച്ച പെയിന്റടിച്ചതിനെതിരെ സിപിഎം

Web Desk
|
10 Nov 2025 7:07 PM IST

നിങ്ങൾക്ക് ഉണ്ടുറങ്ങാനുള്ള അവസരം കേരളത്തിൽ ലഭിക്കുന്നുണ്ടെങ്കിൽ അത് സിപിഎം ഉള്ളതുകൊണ്ടാണെന്ന് ഓർക്കണമെന്നും സിപിഎം നേതാവ് അവകാശപ്പെട്ടു.

കാസർകോട്: യുഡിഎഫ് ഭരിക്കുന്ന കാസർകോട് നഗരസഭാ ഓഫീസിന് പുതുതായി നിർമിച്ച മതിലിന് പച്ച പെയിൻ്റ് അടിച്ചത് വിവാദമാക്കി സിപിഎം. മുസ്‌ലിം ലീഗ് ഭരിക്കുന്ന നഗരസഭയുടെ മതിലിന് പച്ച പെയിൻ്റ് അടിച്ചെന്നാണ് ആക്ഷേപം.

പച്ച പെയിൻ്റ് അടിക്കാൻ ഇതെന്താ പാകിസ്താൻ ആണോയെന്ന് സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫ ചോദിച്ചു. 'ഇതല്ലേ ആർഎസ്എസുകാരനെ നിങ്ങൾ പറയുന്നത്. പച്ച പെയിന്റടിച്ച വേറെ ഏതെങ്കിലുമൊരു മതിൽ ഈ കേരളത്തിൽ മറ്റെവിടെയെങ്കിലും കാണാനാകുമോ? ഈ നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലീ​ഗ്'- ഹനീഫ ആരോപിച്ചു.

'കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ 70 ശതമാനവും ഭരിക്കുന്നത് സിപിഎമ്മിന്റെ പ്രതിനിധികളാണ്. ഏതെങ്കിലുമൊരു പഞ്ചായത്ത് ഓഫീസിൽ ചുവന്ന പെയിന്റടിച്ച് കണ്ടിട്ടുണ്ടോ? കേരളത്തിന് പൈസ തരണമെങ്കിൽ നിങ്ങൾ കാവി പെയിന്റടിക്കണമെന്ന് പറയുന്ന നരേന്ദ്രമോദിക്ക് തുല്യമായി കാസർകോട്ടെ നഗരസഭയിലെ മുസ്‌ലിം ലീഗുമാർ മാറുകയാണ്'- ഹനീഫ അഭിപ്രായപ്പെട്ടു.

നിങ്ങൾക്ക് ഉണ്ടുറങ്ങാനുള്ള അവസരം കേരളത്തിൽ ലഭിക്കുന്നുണ്ടെങ്കിൽ അത് സിപിഎം ഉള്ളതുകൊണ്ടാണെന്ന് ഓർക്കണമെന്നും ഹനീഫ അവകാശപ്പെട്ടു. നഗരസഭയിലേക്ക് വ്യാജ വോട്ട് ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മുസ്‌ലിം ലീഗ് നീക്കം നടത്തുന്നെന്നാരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് ഹനീഫ.

Similar Posts