
'എല്ലാ പിന്തിരിപ്പൻ ശക്തികളും കരിഞ്ഞ് പോകും'; ഭീഷണി പ്രസംഗവുമായി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുൽദാസ്
|തനിക്കെതിരെ പ്രവർത്തിക്കുന്നവർക്കും മാധ്യമങ്ങൾക്കുമാണ് ഗോകുൽദാസിന്റെ മുന്നറിയിപ്പ്
പാലക്കാട്: ഭീഷണി പ്രസംഗവുമായി സാമ്പത്തിക ക്രമക്കേടിൽ സിപിഎം അന്വേഷണം നേരിടുന്ന ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുൽദാസ്. അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടർന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളും കരിഞ്ഞ് പോകുമെന്ന് ഗോകുൽദാസ് പറഞ്ഞു. തനിക്ക് എതിരെ പ്രവർത്തിക്കുന്നവർക്കും മാധ്യമങ്ങൾക്കുമാണ് ഗോകുൽദാസിന്റെ മുന്നറിയിപ്പ്.
ജില്ലാ കമ്മറ്റിയെ ഒറ്റ് കൊടുക്കുന്നവർക്കും പിന്നിൽനിന്ന് കുത്തുന്നുവർക്കും തത്ക്കാലം വിജയിക്കാമെന്നും ഗോകുൽദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗോകുൽ ദാസിനെതിരെ ഫ്ലക്സ്ബോർഡുകൾ ഉയർന്നിരുന്നു. ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ എന്ന പേരിലാണ് കോങ്ങാട് ഭാഗത്ത് ഫ്ലക്സ് ഉയർന്നത്.
രക്തസാക്ഷി കെ.സി ബാലകൃഷ്ണന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് ഗോകുൽ ദാസ് എന്ന് ഫ്ലക്സിൽ പറഞ്ഞിരുന്നു. കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും ബോർഡിലുണ്ട്. പാർട്ടി അന്വേഷണം നടക്കട്ടെ, വിജിലൻസ് അന്വേഷണം അനിവര്യമെന്നും ഫ്ലക്സിൽ എഴുതിയിരുന്നു.
സാമ്പത്തിക ക്രമക്കേടിൽ ഗോകുൽ ദാസിന് എതിരെ സിപിഎം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്ലക്സ്ബോർഡുകൾ ഉയർന്നത്. കോങ്ങാട് വിവിധ സ്ഥലങ്ങളിൽ വെച്ച ബോർഡുകൾ സിപിഎം പ്രവർത്തകർ എടുത്തു മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോകുൽ ദാസിന്റെ ഭീഷണി പ്രസംഗം.