
ശബരിമല സ്വര്‍ണക്കൊള്ള; എ.പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം
|പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം ചോദിച്ച് തപാല്‍ വഴി നോട്ടീസ് അയച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി അറസ്റ്റിലായ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ പാർട്ടി നടപടിക് സാധ്യത. പാർട്ടിയുടെ സൽപ്പേരിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വം പത്മകുമാറിന് വിശദീകരണ നോട്ടീസ് നൽകി. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ പൂർണ അറിവോടെ തപാൽ മുഖേനയാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നോട്ടീസ് അയച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി മൂന്നര മാസത്തോളം ജയിൽ കിടന്ന പത്മകുമാർ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ജയിലിലായിരുന്ന സമയത്ത് പാർട്ടി നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെങ്കിലും ജാമ്യം ലഭിച്ചതിന് പിന്നാലെ നടപടികൾ കടുപ്പിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.
ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ പുറത്താക്കിയിരുന്നു. പത്മകുമാർ നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷം, പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് നേതൃത്വം കടന്നേക്കുമെന്നാണ് സൂചന.