< Back
Kerala
സഭ തല്ലിപ്പൊളിച്ച സിപിഎമ്മുകാർ ഞങ്ങളെ നിയമസഭയിലെ ജനാധിപത്യം പഠിപ്പിക്കേണ്ട: വി.ഡി സതീശൻ
Kerala

സഭ തല്ലിപ്പൊളിച്ച സിപിഎമ്മുകാർ ഞങ്ങളെ നിയമസഭയിലെ ജനാധിപത്യം പഠിപ്പിക്കേണ്ട: വി.ഡി സതീശൻ

Web Desk
|
22 Jan 2026 11:31 AM IST

ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ അസ്വാഭാവികതയില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ അസ്വാഭാവികതയില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായി വിജയൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ നിൽക്കുന്ന ചിത്രമുണ്ട്. അതുവച്ച് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. കൂടെ ഫോട്ടോ എടുത്തവരെ പ്രതിയാക്കണമെന്നല്ല പ്രതികളെ സംരക്ഷിക്കുന്നവരെ പ്രതിയാക്കണമെന്നാണ് പറഞ്ഞത്, സതീശൻ പറഞ്ഞു.

കടകംപള്ളി അന്ന് ദേവസ്വം മന്ത്രിയാണ്. ദേവസ്വം മന്ത്രിയോട് ചോദിക്കാതെ ദേവസ്വം ബോർഡ് ഒരു തീരുമാനവും എടുക്കില്ല. അദ്ദേഹമാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയെ ശബരിമലയിലേക്ക് അയച്ചിരിക്കുന്നത്. അതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ട്. കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്‌ണൻ പോറ്റിയും തമ്മിൽ ബന്ധമുള്ളതിന് തെളിവുണ്ട് കോടതി ആവശ്യപ്പെട്ടാൽ അത് ഹാജരാക്കാമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സഭയിൽ ചർച്ച ചെയ്യാനൊന്നുമില്ലെന്നും ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് സഭയിൽ ചർച്ച നടത്താൻ നോട്ടീസ് കൊടുത്തപ്പോൾ കേസ് നടക്കുകയാണെന്ന് പറഞ്ഞ് നോട്ടീസ് അനുവദിച്ചില്ല. സഭ തല്ലിപ്പൊളിച്ച സിപിഎമ്മുകാർ തങ്ങളെ നിയമസഭയിലെ ജനാധിപത്യം പഠിപ്പിക്കേണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

Similar Posts