< Back
Kerala
CPM state conference 2025,CPMkollam,kerala,latest malayalam news,സിപിഎം സംസ്ഥാനസമ്മേളനം,കൊല്ലം സമ്മേളനം
Kerala

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും; എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടർന്നേക്കും

Web Desk
|
9 March 2025 6:29 AM IST

നവ കേരള രേഖയിലെ ചർച്ചയില്‍ മുഖ്യമന്ത്രി മറുപടി നല്‍കും

കൊല്ലം: 24മത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലത്ത് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തിൽ അവതരിപ്പിച്ച 'നവ കേരളത്തിന്‍റെ പുതുവഴികൾ' എന്ന രേഖയിലെ ചർച്ചയ്ക്ക് പിണറായി വിജയൻ മറുപടി നൽകും. അതിനുശേഷം നിലവിലെ സംസ്ഥാന കമ്മിറ്റി ചേർന്ന് പുതിയ പാനൽ തയ്യാറാക്കും. സംസ്ഥാന സമ്മേളനം ഇത് അംഗീകരിച്ചാൽ പുതിയ സംസ്ഥാന കമ്മിറ്റി ചേർന്ന് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കും.

എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത.അഞ്ച് ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പുതുമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ വരും.. പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തെരഞ്ഞെടുപ്പ് ഇന്ന് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉച്ചയോടെ തീരുമാനം ഉണ്ടാകും.

സമ്മേളന പ്രതിനിധികൾ വിമർശനങ്ങൾ ഉന്നയിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി ഗോവിന്ദൻ തുടരാനാണ് സാധ്യത. വയനാട് ജില്ലാ സെക്രട്ടറി കെ .റഫീക്ക്,മലപ്പുറം ജില്ലാ സെക്രട്ടറി പി.വി അനിൽ,തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ,കാസർകോട് ജില്ലാ സെക്രട്ടറി എം.രാജഗോപാൽ,കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മഹബൂബ് എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ വരും.

ഡിവൈഎഫ്ഐ ഭാരവാഹികളായ വി.കെ സനോജും വി.വസിഫും സംസ്ഥാന കമ്മിറ്റിയിൽ എത്താനാണ് സാധ്യത. കോട്ടയത്ത് ജേയ്ക്ക് സി തോമസിന്റെ പേര് പരിഗണിക്കുന്നുണ്ട്.കണ്ണൂരിൽ നിന്ന് എൻ.സുകന്യ സംസ്ഥാന കമ്മിറ്റിയിൽ വന്നേക്കും. തിരുവനന്തപുരത്തുനിന്ന് ഡി.കെ മുരളി, എസ്.കെ പ്രീജ എന്നിവരുടെ പേരും കേൾക്കുന്നു. കൊല്ലത്തുനിന്ന് എസ് ജയമോഹൻ,എക്സ് ഏണസ്റ്റ്. എം.നൗഷാദ്, എസ്.ആർ അരുൺ ബാബു എന്നിവരിൽ ചിലർ സംസ്ഥാന കമ്മിറ്റിയിൽ വരും.

ആലപ്പുഴയിൽ നിന്ന് പി.പി ചിത്തരജ്ഞനും കെ.എച്ച് ബാബു ജാനും പരിഗണനയിലുണ്ട്. പ്രായപരിധിയുടെ പേരിൽ പി.കെ ശ്രീമതി,എ.കെ ബാലൻ ആനാവൂർ നാഗപ്പൻ എന്നിവർ ഒഴിവാകും. പി.നന്ദകുമാറും , എൻ.ആർ ബാലനും എൻ.കെ കണ്ണനും ഗോപി കോട്ടമുറിക്കലും ഒഴിയാനാണ് സാധ്യത. കൊല്ലത്ത് നിന്ന് സൂസൻ കോടിയും പി.രാജേന്ദ്രനും കെ.വരദാജനും ഒഴിഞ്ഞേക്കും.

എറണാകുളം സംസ്ഥാന സമ്മേളനത്തിലേത് പോലെ സെക്രട്ടറിയേറ്റിനെ ഇന്ന് തന്നെ തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല..സംസ്ഥാന സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്താൽ എം.ബി രാജേഷ്, ടി.എൻ സീമ,പി.ശശി, എം.വി ജയരാജൻ തുടങ്ങിയവർ പരിഗണനയിലുണ്ട്.

അതേസമയം, മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യയ്ക്ക് തെറ്റ് പറ്റിയെന്ന് മനസിലാക്കിയത് കൊണ്ടാണ് നടപടി എടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. നവീകരണത്തിനുള്ള പ്രക്രിയയാണ് പാർട്ടിയിൽ നടക്കുന്നത്. അതിന്‍റെ ഭാഗമായി വിമർശനങ്ങളെ കാണുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.


Similar Posts