< Back
Kerala
സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; മേഖലാജാഥകളുടെ വിലയിരുത്തൽ നടക്കും
Kerala

സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; മേഖലാജാഥകളുടെ വിലയിരുത്തൽ നടക്കും

Web Desk
|
21 Feb 2026 6:52 AM IST

മേഖലാ ജാഥകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടിയില്ലെന്ന് സിപിഐയിൽ വിമർശനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും ,നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് മേഖലാജാഥകളുടെ വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും. പാർട്ടിയുടെ സ്ഥാനാർഥികളെ സംബന്ധിച്ച പ്രാഥമിക ആലോചനകൾ ഇന്നുണ്ടായേക്കും.

സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എത്രപേർ മത്സരിക്കണമെന്ന കാര്യവും ഇന്ന് ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. രണ്ട് ടൈം വ്യവസ്ഥയിൽ ഇളവ് നൽകാനുള്ള തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 23ന് ചേരുന്ന ഇടതുമുന്നണി യോഗത്തോടെ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

അതേസമയം, മേഖലാജാഥകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടിയില്ലെന്ന് സിപിഐയിൽ വിമർശനം. മൂന്നു മേഖലാജാഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എം. വി ഗോവിന്ദൻ സംസാരിക്കുമ്പോൾ പോലും കസേരകൾ ഒഴിഞ്ഞു കിടന്നു. ബിനോയ് വിശ്വത്തിൻ്റെ ജാഥയ്ക്കും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. പാർട്ടി സ്വന്തമായി ഒരു സംസ്ഥാന ജാഥ നടത്തിയാൽ മതിയായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.

Related Tags :
Similar Posts