< Back
Kerala
ജോർജ് കുര്യന്റെ വിവാദ പ്രതികരണം: രൂക്ഷ വിമർശനവുമായി സിപിഎം, കേരളത്തോട് മാപ്പ് പറയണമെന്ന് മന്ത്രി റിയാസ്
Kerala

ജോർജ് കുര്യന്റെ വിവാദ പ്രതികരണം: രൂക്ഷ വിമർശനവുമായി സിപിഎം, കേരളത്തോട് മാപ്പ് പറയണമെന്ന് മന്ത്രി റിയാസ്

Web Desk
|
2 Feb 2025 12:03 PM IST

ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ ജോർജ് കുര്യൻ പറഞ്ഞതെന്ന് മന്ത്രി കെ.രാജൻ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ച കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവന വിവാദമാകുന്നു. കേരളത്തെ ദരിദ്രമാക്കണമെന്നാണ് കേന്ദ്ര മന്ത്രിമാർ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജോർജ് കുര്യൻ കേരളത്തോട് മാപ്പ് പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ ജോർജ് കുര്യൻ പറഞ്ഞതെന്ന് മന്ത്രി കെ.രാജൻ ചോദിച്ചു.കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രതികരണം.

കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഎം ആഞ്ഞടിച്ചു. കേരളവിരുദ്ധ നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. ദരിദ്ര കേരളമായി മാറണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി നേതാക്കൾക്കും കേരള വിരുദ്ധ നിലപാടാണ്. കേന്ദ്ര മന്ത്രിയായ ജോർജ്ജ് കുര്യൻ്റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ കേരളത്തോട് മാപ്പ് പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന് മുന്നിൽ പിച്ചച്ചട്ടിയുമായി നിൽക്കാനില്ല. കേരളത്തെ നിരോധിച്ച ബജറ്റെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം സംസ്ഥാനത്തോട് കാണിച്ച ക്രൂരത കേരളം മറക്കില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. ബജറ്റിൽ വയനാടിനെ ഒന്ന് പരാമർശിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായില്ല. കേരളം ദുർബലമെന്ന് പ്രഖ്യാപിച്ചാൽ കേരളത്തെ സഹായിക്കാം എന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞു. അതൊരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ എന്നും മന്ത്രി ചോദിച്ചു.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണെന്ന് എ.എ.റഹീം എംപി പറഞ്ഞു. കേരളത്തിൽ ജോർജ് കുര്യനെതിരെ ഡിവൈഎഫ്ഐ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു. ജോർജ് കുര്യൻ പ്രസ്തവണ പിൻവലിച്ച് മാപ്പ് പറയണമെന്നും എ. എ റഹീം ആവശ്യപ്പെട്ടു.

കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. കേരളത്തെ അപമാനിച്ച ജോർജ് കുര്യന് കേന്ദ്ര മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല. സുരേഷ് ഗോപിയ്ക്കും ബിജെപി സംസ്ഥാന നേതൃത്വത്തിലും ജോർജ് കുര്യന്റെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.

Similar Posts