< Back
Kerala
cpm supports ep jayarajam
Kerala

ഇ.പി ജയരാജനെതിരായ വിവാദം ആസൂത്രിതം; ആരെയെങ്കിലും കണ്ടാൽ ഇടത് പ്രത്യയശാസ്ത്രം നശിക്കില്ലെന്ന് എം.വി ഗോവിന്ദൻ

Web Desk
|
29 April 2024 4:44 PM IST

മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം: ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടതുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരെ നടക്കുന്നത് കള്ളപ്രചാരവേലയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി ജയരാജൻ പാർട്ടി അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ജയരാജനെ ചുമതലപ്പെടുത്തി. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജയരാജന് നിർദേശം നൽകിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

ഇ.പി ജയരാജൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതാണ്. നടന്ന കാര്യങ്ങൾ നിഷ്‌കളങ്കമായി പറഞ്ഞു. അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ വലിയ പ്രചാരവേലയാണ് നടക്കുന്നത്. പാർട്ടിക്ക് എല്ലാം ബോധ്യമായി. ആരെയെങ്കിലും കണ്ടാൽ ഇടതു പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതേണ്ട. ഇ.പിയുടെ തുറന്നുപറച്ചിൽ തെരഞ്ഞെടുപ്പിൽ ദോഷമാകില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ല. സാധാരണ കൂടിക്കാഴ്ച പാർട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞാൽ മാത്രം പാർട്ടിയെ അറിയിച്ചാൽ മതിയെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടുവെന്ന പ്രസ്താവനയോട് പ്രതികരിക്കാൻ എം.വി ഗോവിന്ദൻ തയ്യാറായില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം ആവശ്യപ്പെട്ട ശേഷം താനും ജാവഡേക്കറെ കണ്ടിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

വടകരയിൽ കോൺഗ്രസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് ഗോവിന്ദൻ ആരോപിച്ചു. വടകരയിൽ ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് നൽകാൻ ആഹ്വാനമുണ്ടായി. എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുകയാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും അജണ്ട. ജനങ്ങൾ ഇത് തള്ളിക്കളയുമെന്നാണ് വിശ്വാസമെന്നും ഗോവിന്ദൻ പറഞ്ഞു.

Similar Posts