< Back
Kerala
കൈവെട്ട് മുദ്രാവാക്യവുമായി സിപിഎം; മീഡിയവൺ മാനേജിങ് എഡിറ്ററുടെ കൈവെട്ടുമെന്ന ഭീഷണിയുമായി പ്രകടനം; വ്യാപക പ്രതിഷേധം
Kerala

'കൈവെട്ട്' മുദ്രാവാക്യവുമായി സിപിഎം; മീഡിയവൺ മാനേജിങ് എഡിറ്ററുടെ കൈവെട്ടുമെന്ന ഭീഷണിയുമായി പ്രകടനം; വ്യാപക പ്രതിഷേധം

Web Desk
|
11 July 2025 12:01 PM IST

സിപിഎം വണ്ടൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയർത്തിയത്

മലപ്പുറം: മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം. സിപിഎം വണ്ടൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയർത്തിയത്.'ഇല്ലാ കഥകൾ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടി മാറ്റും' എന്ന മുദ്രാവാക്യമാണ് സിപിഎം പ്രവർത്തകർ മുഴക്കിയത്. മുൻ എംഎൽഎ എൻ.കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിപിഎമ്മി​ന്റെ ഭീഷണി മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. പ്രതിപക്ഷ പാർട്ടികളും നേതാക്കളും പത്രപ്രവർത്തക യൂണിയനും പ്രതിഷേധുമായി രംഗത്തെത്തി.

സിപിഎമ്മിന്റെ ഭീഷണി മുദ്രാവാക്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കൈവെട്ട് ഭീഷണി ക്രിനിനല്‍ കുറ്റമാണെന്നും പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതാണ് സിപിഎം നയമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. വണ്ടൂരിലെ സിപിഎംമുദ്രാവാക്യത്തെ ഗൗരവമായി എടുക്കേണ്ടതില്ലെന്നും കുരക്കുന്ന പട്ടി കടിക്കില്ലെന്നും മുരളീധരന്‍ ആലപ്പുഴയില്‍ പറഞ്ഞു. ഭീഷണി മുദ്രാവാക്യം സിപിഎം പിൻവലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുദ്രാവാക്യം വിളിച്ച ആളെ സിപിഎം സംസ്ഥാന സെക്രട്ടറി താക്കീത് ചെയ്യണം. വാർത്ത കൊടുത്തതിന്റെ പേരിൽ കൈവെട്ടും കാലു വെട്ടും എന്നൊക്കെ പറയുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഭീഷണി മുദ്രാവാക്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വി.ടി ബല്‍റാം പറഞ്ഞു. പൊലീസ് ഇടപെടേണ്ട തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.''മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി പേരെടുത്ത് ഭീഷണിപ്പെടുത്തുക. ഭീഷണി തന്നെ ഒരു പരിധി കഴിഞ്ഞ് കൈവെട്ടും തലവെട്ടും എന്ന രീതിയില്‍ പറയുന്ന തരത്തിലേക്ക് കടക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. പൊലീസ് ഇടപെടേണ്ട തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് കടന്നതിന്റെ ഉദാഹരണമാണ് ഈ ഭീഷണി മുഴക്കല്‍. ആദ്യഘട്ടത്തിലൊക്കെ അത് ഒരു വിമര്‍ശന ഘട്ടത്തിലായിരുന്നു. അത് സ്വഭാവികമാണ്. കാരണം മീഡിയവണിന് മീഡിയവണ്ണിന്റേതായ രാഷ്ട്രീയമുണ്ട്.വിമര്‍ശനങ്ങള്‍ ആരോഗ്യപരമായ കാര്യമാണ്. പക്ഷെ അതില്‍ നിന്ന് മാറി പ്രകോപനപരമായ മുദ്രാവാക്യത്തിലേക്ക് മാറുന്നത് നിയമം കയ്യില്‍ എടുക്കാനുള്ള പ്രേരണയായി മാറുന്നു. അതില്‍ നിയമപരമായ ഇടപെടലുകള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകണം,'' വി.ടി ബല്‍റാം പറഞ്ഞു.

കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ സർക്കാർ കേസെടുക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ജനാധിപത്യ പരമായ രീതിയിൽ സമാധാനപരമായി കൈകാര്യം ചെയ്യലാണ് സംസ്കാരകമുള്ള മനുഷ്യർക്ക് യോജിച്ചത്ഭരണത്തിന്റെ തണലിൽ ആളുകളെ കായികപരമായി നേരിടുന്നത് സംസ്കാരത്തിന് യോജിച്ചതല്ല. ഇത് ക്രമസമാധാനം തകർക്കും. അഭിപ്രായം വ്യത്യാസമുള്ള ആളുകളെ മുഴുവൻ തല്ലാനും കൊല്ലാനും നടക്കാൻ പറ്റില്ല. ജനാധിപത്യ സംവിധാനത്തിൽ അത് ഭൂഷണമല്ല. സമാധാനന്തരീക്ഷം തകർക്കുന്നു എന്ന് കാണിച്ച് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്‍റെ കൈവെട്ട് ഭീഷണിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയൻ. വണ്ടൂരിൽ സിപിഎം പ്രവർത്തകർ മീഡിയവൺ മാനേജിംഗ് എഡിറ്ററുടെ കൈവെട്ടുമെന്ന് തരത്തിൽ നടത്തിയ പ്രകോപനമുദ്രാവാക്യം വിളിയിൽ കെയുഡബ്ള്യൂജെ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അവകാശപ്പെടുമ്പോൾ തന്നെ ഇത്തരം അവകാശലംഘനങ്ങൾക്കും വെല്ലുവിളികൾക്കും പരസ്യമായി രംഗത്തിറങ്ങുന്നത് പ്രതിഷേധാർഹമാണെന്ന് പത്രപ്രവര്‍ത്തക യൂണിയൻ ചൂണ്ടിക്കാട്ടി.മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും അസത്യമുണ്ടെങ്കിൽ അത് തുറന്നു കാട്ടാനും ഒട്ടേറെ മാർഗങ്ങളുണ്ടെന്നിരിക്കെ മാധ്യമ പ്രവർത്തകനെ ശാരീരികമായി നേരിട്ട് ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നത് സിപിഎം പോലുള്ള സംഘടനക്ക് ഒട്ടും ഭൂഷണമല്ല. വിമർശനങ്ങളുടെ പേരില്‍ മീഡിയവണിന് നേരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നത് മീഡിയവണിലെ ജീവനക്കാർക്കും ആശങ്കയുണ്ടാക്കുന്ന സംഭവമാണ്. പാർട്ടി നേതൃത്വം ഇത്തരം പ്രകോപനക്കാരെ നിയന്ത്രിക്കാനും തിരുത്താനും തയ്യാറാകണം. പ്രകോപനപരമായി ഭീഷണി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നും കെയുഡബ്ള്യൂജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ കൈവെട്ട് ഭീഷണി മുദ്രാവാക്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെ.കെ രമ എംഎൽഎ. വിമർശിക്കുന്നവരെ ടി.പി ചന്ദ്രശേഖരനെ പോലെ നേരിടാനാണ് സിപിഎം നീക്കമെന്നും രമ മീഡിയവണിനോട് പ്രതികരിച്ചു.'ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന പാർട്ടി, അത് സംസാരിക്കുന്നവരുടെ കൈവെട്ടും,കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. നമുക്ക് മുന്നിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ടി.പി ചന്ദ്രശേഖരെയും ഇത് തന്നെയാണ് ചെയ്തത്. പ്രസ്ഥാനത്തെ വിമർശിച്ചതിനും പ്രസ്ഥാനത്തിന്റെ വഴിവിട്ട സമീപനങ്ങളെ തുറന്ന് കാട്ടിയതിന് അദ്ദേഹത്തെ തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞത്. അവർ അതിനൊന്നും മടിക്കാത്ത പാർട്ടിയാണ്'..രമ പറഞ്ഞു.' സി.ദാവൂദ് ഒരു വിമർശനം ഉന്നയിച്ചതാണ്. പാർട്ടിക്കെതിരെയുള്ള വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുകയോ, ശരിയാണെങ്കിൽ തിരുത്തുകയോ ചെയ്യുക എന്ന സമീപനം എടുക്കുന്നതിന് പകരം വിമർശിക്കുന്ന ആളെ ഇല്ലാതക്കാം എന്ന് പറയുന്ന പാർട്ടിനയവുമായാണ് സിപിഎം മുന്നോട്ട് പോകുന്നത്. ഇങ്ങനെ മുന്നോട്ട് പോയാൽ വിജയൻ മാഷ് പറഞ്ഞപോലെ പാർട്ടിയിൽ ആളുണ്ടാകില്ലെന്ന കാര്യത്തിൽ സംശയം വേണ്ട. എത്രയെത്ര ഉദാഹരണങ്ങളുണ്ടായിട്ടും അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ പാർട്ടി തയ്യാറല്ല. ഗുണ്ടായിസം മാത്രമാണ് ഒരു പ്രസ്ഥാനത്തിന്റെ കൈമുതലെന്നതാണ് പ്രധാന കാര്യം'-. രമ കൂട്ടിച്ചേര്‍ത്തു.'വണ്ടൂരിൽ നടത്തിയ പ്രകടത്തിനെക്കുറിച്ച് സിപിഎം നേതൃത്വത്തിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം.സംസ്ഥാന സെക്രട്ടറിയുൾപ്പടെയുള്ളവർ ഇതിനെ അനുകൂലിക്കുന്നുണ്ടോ എന്ന കാര്യമടക്കമറിയാൻ പൊതുജനത്തിന് താൽപര്യമുണ്ട്. മറ്റൊരാൾ പറയുന്ന വിയോജിപ്പ് കൂടി രേഖപ്പെടുത്താനുള്ളതാണ് ജനാധിപത്യം. ഇന്നത്തെ കാലത്ത് ആരെയെങ്കിലും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനാകുമോ?. .ഇങ്ങനെ എത്രകാലം പാർട്ടിക്ക് മുന്നോട്ട് പോകാനാകും. പ്രത്യേകിച്ചും ഈ സോഷ്യൽമീഡിയ കാലത്ത് അഭിപ്രായം രേഖപ്പെടുത്താൻ വേറെ മാർഗത്തിലേക്ക് പോകേണ്ട കാര്യമില്ല. വിമർശനങ്ങൾ ഇനിയും പറയും. അവരെയൊക്കെ ഇല്ലാതാക്കാനാണ് വ്യാമോഹമെങ്കിൽ അതങ്ങ് കൈയിൽ വെച്ചാൽ മതി'..രമ പറഞ്ഞു.

സിപിഎമ്മിന്റെ ഭീഷണു മുദ്രാവാക്യം ഹിറ്റ്‌ലറുടെ നടപടികള്‍ക്ക് സമാനമെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. മാധ്യമപ്രവര്‍ത്തകരുടെ കൈവെട്ടും കാലുവെട്ടും എന്നൊക്കെ പറയുന്നത് ഭീരുത്വമാണ്. നരേന്ദ്രമോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തിലും നടക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ''ജനാധിപത്യക്രമത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ക്ക് ഉളുപ്പ് വേണം. മാധ്യമപ്രവര്‍ത്തകരുടെ കൈവെട്ടും കാലുവെട്ടും എന്നു പറയുന്നത് ഭീരുത്വം ആണ്. ജനാധിപത്യ വ്യവസ്ഥയെ ഭയക്കുന്നു എന്നതിന്റെ തെളിവാണിത് നരേന്ദ്രമോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തിലും ചെയ്യുന്നത്. എല്ലാ ഏകാധിപതികളുടെയും രീതിയിലാണ്. അവരുടെയൊക്കെ പതനവും ലോകം കണ്ടു പിണറായിസവും മോദിസവും സമാനമായി പോകുന്നതാണ്. മാനേജിങ് എഡിറ്റര്‍ തെറ്റായ പ്രചാരണം നടത്തിയെങ്കില്‍ നിയമപരമായി നേരിടണം ആയിരുന്നു. മീഡിയവണ്ണിനെ മോദി നിരോധിച്ചു. ഒരു പടി കൂടി കടന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്,'' ഷിബു ബേബി ജോണ്‍ പറഞ്ഞു.





മീഡിയവണ്‍ മാനേജിങ് എഡിറ്റർ സി ദാവൂദിന്റെ കൈവെട്ടുമെന്ന് സി പി എം വണ്ടൂർ ഏരിയാ കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിലെ ഭീഷണി മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള കൈയ്യേറ്റമാണെന്ന് പത്രപ്രവർത്തക യൂണിയന്‍ മീഡിയവണ്‍ സെല്‍. ചാനല്‍ പരിപാടിക്കിടെ രാഷ്ട്രീയ വിമർശനം നടത്തിയതിന് മാധ്യമ പ്രവർത്തകന്റെ കൈ വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നത് രാഷ്ട്രീയ പാർട്ടികള്‍ക്ക് ഭൂഷണമല്ല. മാധ്യമങ്ങള്‍ നടത്തുന്ന വിമർശനങ്ങളോട് ജനാധിപത്യമായ രീതിയില്‍ പ്രതികരിക്കുന്നതി് പകരം ഭീഷണിയുമായി വരുന്നത് സ്വതന്ത്ര മാധ്യമ പ്രവർത്തനിന് നേരെയുള്ള വെല്ലുവിളിയാണ്... വിമർശനങ്ങളുടെ പേരില്‍ മീഡിയവണിന് നേരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നത് മീഡിയവണിലെ ജീവനക്കാർക്കും ആശങ്കയുണ്ടാക്കുന്ന സംഭവമാണ്... സി പി എം നീക്കത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. തെറ്റായ നീക്കങ്ങളില്‍ നിന്ന് സി പി എം പിന്തിരിയണം. കൈവെട്ട് ഭീഷണി മുഴക്കിയ നേതാക്കള്‍ക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുക്കാന്‍ തയാറാകണമെന്നും പത്രപ്രവർത്തക യൂണിയന്‍ മീഡിയവണ്‍ സെല്‍ സെക്രട്ടറി ഷിദ കെ.കെ പ്രസ്താവനയിൽ പറഞ്ഞു.

Similar Posts