
അയ്യപ്പ ഭക്തിഗാനം തെരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഎമ്മും
|മലപ്പുറത്ത് താനാളൂർ പഞ്ചായത്തിലെ 17 ആം വാർഡിലാണ് സിപിഎം അയ്യപ്പ ഭക്തി ഗാനത്തിന്റ പാരഡി ഇറക്കിയത്
മലപ്പുറം: അയ്യപ്പ ഭക്തിഗാനം തെരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഎമ്മും. മലപ്പുറത്ത് താനാളൂർ പഞ്ചായത്തിലെ 17 ആം വാർഡിലാണ് അയ്യപ്പ ഭക്തി ഗാനത്തിന്റ പാരഡി ഇറക്കിയത്. ലീഗ് പ്രാദേശിക നേതാക്കളുടെ പേര് എടുത്തുപറഞ്ഞാണ് പാട്ട് ഇറക്കിയത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെയാണ് സിപിഎമ്മും അയ്യപ്പഭക്തി ഗാനത്തിന്റെ പാരഡിയിൽ പാട്ട് ഇറക്കിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയാഘോഷത്തിനായി ഒരുക്കിയ പാട്ടാണിത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മരുമകളാണ് ഇവിടത്തെ എൽഡിഎഫ് സ്ഥാനാർഥി.
കഴിഞ്ഞ 22 വർഷമായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തായിരുന്നു താനാളൂർ. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പഞ്ചായത്ത് പിടിച്ചു. 24 ൽ 17 സീറ്റ് നേടിയാണ് യുഡിഎഫ് ഇത്തവണ ഭരണം പിടിച്ചത്. അതേസമയം, തങ്ങളുടെ സ്ഥാനാർഥികൾക്കെതിരേയും സമാനമായ പാരഡി ഗാനങ്ങൾ ഒരുക്കിയിരുന്നുവെന്ന് എൽഡിഎഫ് പറഞ്ഞു.