< Back
Kerala
ഇരാറ്റുപേട്ട നഗരസഭയില്‍ എസ്.ഡി.പി.ഐ പിന്തുണ  സിപിഎം സ്വീകരിക്കില്ല: രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍
Kerala

ഇരാറ്റുപേട്ട നഗരസഭയില്‍ എസ്.ഡി.പി.ഐ പിന്തുണ സിപിഎം സ്വീകരിക്കില്ല: രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

rishad
|
14 Sept 2021 1:14 PM IST

അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് മന്ത്രി വി.എൻ വാസവനും ആവർത്തിച്ചത്.

കോട്ടയം ഈരാറ്റുപേട്ട നഗരസഭയിൽ അധികാരത്തിലെത്താൻ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കില്ലെന്ന് സി.പി.എം. രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വിമർശിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.

അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് മന്ത്രി വി.എൻ വാസവനും ആവർത്തിച്ചത്. ഈരാറ്റുപേട്ടയിൽ നഗരസഭ ഭരണം പിടിക്കാൻ എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനുമില്ലെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തേടിയെന്ന് പ്രചരിപ്പിച്ചവരാണ് ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയുമായി കൂട്ടുകെട്ടുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. പാലാ ബിഷപ്പിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളുമായി സി പി എം സഖ്യമുണ്ടാക്കിയെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ ആരോപണം. 28 അംഗ നഗരസഭ കൗൺസിലിൽ യുഡിഎഫിന് 13 അംഗങ്ങളുടെ പിന്തുണയാണുള്ളത്.

കൂറുമാറിയ കോൺഗ്രസ് കൗൺസിലറടക്കം എൽ.ഡി.എഫിന് 10 അംഗങ്ങളുടെ പിന്തുണയുണ്ട്. 5 അംഗങ്ങളുള്ള എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കിയതോടെ നഗരസഭ ഭരണത്തിൽ യുഡിഎഫ് തുടരാനാണ് സാധ്യത. പാർട്ടി വിപ്പ് ലംഘിച്ച് കൂറുമാറിയ കോൺഗ്രസ് അംഗം അൻസൽനാ പരീക്കുട്ടിയെ അയോഗ്യയാക്കാൻ കോൺഗ്രസ് നേതൃത്വം നടപടി ആരംഭിച്ചിട്ടുണ്ട്.

Similar Posts