< Back
Kerala

Kerala
മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ അസാധാരണ പ്രതിഷേധം; സിപിഒമാർ കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നൽകി
|9 Oct 2024 9:42 PM IST
ദേശാഭിമാനി ലേഖകന്റെ പരാതിയിൽ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റിയിരുന്നു.
കണ്ണൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ അസാധാരണ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർമാർ കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നൽകി. ദേശാഭിമാനി ലേഖകന്റെ പരാതിയിൽ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്ഥലംമാറ്റ അപേക്ഷ നൽകിയതെന്നാണ് വിവരം. മട്ടന്നൂർ സ്റ്റേഷനിൽ ജോലി തുടരാനാകില്ലെന്നാണ് പരാതി.
ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറെയും നാല് സിവിൽ പൊലീസ് ഓഫീസർമാരെയുമാണ് കണ്ണൂർ സിറ്റിയിലേക്ക് സ്ഥലം മാറ്റിയത്. മട്ടന്നൂർ പോളിടെക്‌നിക് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ദേശാഭിമാനി ലേഖകൻ ശരത്തിന് മർദനമേറ്റത്. പൊലീസ് അകാരണമായി മർദിച്ചെന്നായിരുന്നു ആരോപണം. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ചെന്നും ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്നും ശരത് ആരോപിച്ചിരുന്നു.