< Back
Kerala
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ നാളെ ചോദ്യംചെയ്യും
Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ നാളെ ചോദ്യംചെയ്യും

Web Desk
|
27 March 2022 6:54 AM IST

രണ്ടാം ഘട്ട ചോദ്യംചെയ്യലിന് വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യംചെയ്യും. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യൽ. രണ്ടാം ഘട്ട ചോദ്യംചെയ്യലിന് വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ബന്ധപ്പെടുത്തി ആയിരിക്കും ചോദ്യംചെയ്യല്‍. പൊലീസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളും ചോദ്യംചെയ്യലിനായി ഉപയോഗിക്കും.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് നടിയെ ആക്രമിച്ചെന്ന ആദ്യ കേസില്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യംചെയ്യുക.

ദിലീപിന്റെ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ മായ്ച്ചെന്നും ഇക്കാര്യം ഫോറൻസിക് സംഘം കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നുണ്ട്. ദിലീപിന് പുറമേ കൂടുതല്‍‌ ആളുകളെ വരും ദിവസങ്ങളില്‍ ചോദ്യംചെയ്തേക്കും. നടിയെ ആക്രമിച്ചെന്ന കേസില്‍ നാല് വർഷത്തിന് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ചോദ്യംചെയ്യല്‍. ഏപ്രില്‍ 15 വരെയാണ് കോടതി തുടരന്വേഷണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

Similar Posts