< Back
Kerala
ഫലസ്തീൻ സിനിമകൾ വെട്ടിയൊതുക്കുന്നു, കേന്ദ്രം ആരെയോ ഭയപ്പെടുന്നു; മന്ത്രി സജി ചെറിയാന്‍
Kerala

'ഫലസ്തീൻ സിനിമകൾ വെട്ടിയൊതുക്കുന്നു, കേന്ദ്രം ആരെയോ ഭയപ്പെടുന്നു'; മന്ത്രി സജി ചെറിയാന്‍

Web Desk
|
16 Dec 2025 11:01 AM IST

ഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്

തിരുവനന്തപുരം:ഐഎഫ്എഫ്കെയില്‍ 19 സിനിമകളുടെ പ്രദർശനത്തിൽ അനിശ്ചിതത്വം തുടരുന്നു. അഞ്ചാം ദിനമായ ഇന്ന് 9 ചിത്രങ്ങളുടെ പ്രദർശനം മുടങ്ങും. ഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്.

പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ലോകപ്രശസ്തമായ ക്ലാസിക്കൽ സിനിമകളൊക്കെ വെട്ടിയൊതുക്കുന്നു.കേന്ദ്രം ആരെയോ ഭയക്കുന്നുണ്ട്. ഫലസ്തീൻ സിനിമകൾ കാണിക്കാൻ പാടില്ലെന്ന് പറയേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 'രാജ്യവിരുദ്ധമാണ് സിനിമയുടെ ഉള്ളടക്കമെങ്കിൽ കാണിക്കേണ്ട കാര്യമില്ല. സിനിമ കാണുന്നത് സാങ്കേതിക മികവും സാമൂഹിക അന്തരീക്ഷവും രാഷ്ട്രീയ വീക്ഷണങ്ങൾ,മൗലികമായ പ്രസക്തി എന്നിവ ചർച്ച ചെയ്യാനാണ്.പുതിയ തലമുറക്ക് പഠിക്കാൻ പറ്റുന്ന മേളയാണ് നടക്കുന്നത്. സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ച് ഏറ്റവും വലിയ മേളയാണ് നടക്കുന്നത്. സിനിമാ ടൂറിസം വലിയ രീതിയിൽ പ്രമോട്ട് ചെയ്യുന്ന സമയത്താണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. എല്ലാ തരത്തിലും കേരളത്തെ കേന്ദ്രം ദ്രോഹിക്കുകയാണ്'. മന്ത്രി പറഞ്ഞു.

അതേസമയം, വിഷയത്തിൽ ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകൻ ഡോ.ബിജു രംഗത്തെത്തി. മുൻകൂട്ടി അനുമതി ലഭിക്കാതെ സിനിമ എന്തുകൊണ്ട് ഐഎഫ്എഫ്കെയിൽ ഉൾപ്പെടെത്തിയെന്ന് ഡോ.ബിജു ചോദിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ ഇല്ലാതെ ചലച്ചിത്രമേള നടക്കുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും ഡോ.ബിജു വിമർശിച്ചു.


Similar Posts