< Back
Kerala
നെല്ല് സംഭരണത്തിലെ പ്രതിസന്ധി നീങ്ങുന്നു; സാമ്പത്തിക ബാധ്യത പരിഹരിക്കാമെന്ന് മില്ല് ഉടമകൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
Kerala

നെല്ല് സംഭരണത്തിലെ പ്രതിസന്ധി നീങ്ങുന്നു; സാമ്പത്തിക ബാധ്യത പരിഹരിക്കാമെന്ന് മില്ല് ഉടമകൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

Web Desk
|
29 Oct 2025 12:50 PM IST

നാളെ മുതൽ നെല്ല് സംഭരിക്കുന്ന കാര്യത്തിൽ വൈകിട്ടോടെ മില്ല് ഉടമകൾ അന്തിമ തീരുമാനം എടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങുന്നു. മില്ല് ഉടമകൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യത സർക്കാർ ഇടപെട്ട് പരിഹരിക്കാമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനൽകി. നാളെ മുതൽ നെല്ല് സംഭരിക്കുന്ന കാര്യത്തിൽ വൈകിട്ടോടെ മിൽ ഉടമകൾ അന്തിമ തീരുമാനം എടുക്കും. കൊയ്ത്തു കഴിഞ്ഞ് അടുത്ത സീസണിലേക്ക് നെല്ല് സംഭരിക്കാറായി. ഇതിനിടയിൽ ആയിരുന്നു ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാതെ വന്നതോടെ നെല്ല് സംഭരിക്കില്ലെന്ന് മില്ല് ഉടമകൾ നിലപാടെടുത്തത്.

മന്ത്രി തല ചർച്ച നേരത്തെ നടന്നെങ്കിലും തീരുമാനമാകാതെ അലസി പിരിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മന്ത്രിമാരുമായി മില്ല് ഉടമകൾ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് തീരുമാനമായതോടെ നാളെ മുതൽ നെല്ല് സംഭരണം തുടങ്ങിയേക്കും. 2022- 2023 വർഷങ്ങളിൽ മിൽ ഉടമകൾക്ക് ഉണ്ടായിട്ടുള്ള 68 കോടിയോളം രൂപയുടെ കുടിശ്ശിക സർക്കാർ ഇടപെട്ട് നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

100 ക്വിൻ്റൽ നെല്ല് സംഭരിച്ചാൽ 68 ക്വിൻ്റൽ അരി നൽകണമെന്നാണ് കേന്ദ്രമാനദണ്ഡം. ഇത് കേരളത്തിൽ പ്രായോഗികമല്ലെന്ന് ഉടമകൾ സർക്കാരിനെ അറിയിച്ചു. 66.5 ക്വിൻ്റൽ അരിയാക്കി നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനം മില്ലുടമകൾ അംഗീകരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് മന്ത്രി പി പ്രസാദ് പ്രതികരിച്ചു.ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നം കേന്ദ്രസർക്കാരുമായി സംസാരിച്ച് പരിഹരിക്കാം എന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Similar Posts