< Back
Kerala
വയനാട് പുനരധിവാസം: ലീഗ് ഭവന പദ്ധതിക്കുള്ള ഭൂമിയിലെ നിയമക്കുരുക്ക്, പി.കെ ബഷീറിന് നേതൃത്വത്തിന്‍റെ രൂക്ഷ വിമർശനം
Kerala

വയനാട് പുനരധിവാസം: ലീഗ് ഭവന പദ്ധതിക്കുള്ള ഭൂമിയിലെ നിയമക്കുരുക്ക്, പി.കെ ബഷീറിന് നേതൃത്വത്തിന്‍റെ രൂക്ഷ വിമർശനം

രാഷ്ട്രീയകാര്യ ലേഖകന്‍
|
13 July 2025 9:56 PM IST

പാർട്ടിക്കും യുഡിഎഫിനും അഭിമാനമായി മാറേണ്ടിയരുന്ന വയനാട് പുരധിവാസ പദ്ധതി നിയമക്കുരുക്കില്‍പെട്ട് രാഷ്ട്രീയ ബാധ്യതയാകുമോ എന്ന ആശങ്ക കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്കുണ്ട്.

വയനാട് മുണ്ടക്കൈ ചൂരമല്‍മല പുരനധിവാസത്തിനായി പ്രഖ്യാപിച്ച ഭവന പദ്ധതിക്കായി വാങ്ങിയ ഭൂമി നിയമക്കുരുക്കില്‍പെട്ടത് പി.കെ ബഷീർ എംഎല്‍എയുടെ വീഴ്ച മൂലമാണെന്ന് മുസ്‌ലിം ലീഗില്‍ വിമർശനം. പുനരധിവാസ പദ്ധതിക്ക് ലീഗ് ചുമതപ്പെടുത്തിയ ഉപസമിതിയുടെ കണ്‍വീനർ പി.കെ ബഷീറാണ്.

കോടികള്‍ മുടക്കി 11 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയതും ബഷീറാണ്. ജനങ്ങളില്‍ നിന്ന് 40 കോടി പിരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഇടപാടില്‍ വേണ്ട ശ്രദ്ധ ബഷീർ കാണിച്ചില്ലെന്നാണ് പാർട്ടിയിലെ വിമർശനം. പരുഷ വാക്കുകള്‍ ഉപയോഗിച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി ബഷീറിനെ വിമർശിച്ചത്. ബഷീറിനോട് പൊട്ടിത്തെറിച്ച കുഞ്ഞാലിക്കുട്ടി പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

അതീവ ഗൗരവമുള്ളതും പാർട്ടിയുടെ അഭിമാന പ്രശ്നവുമായ വിഷയം ബാലിശമായാണ് കൈകാര്യം ചെയ്തതത്. രേഖകള്‍ നിയമജ്ഞരെ കൊണ്ട് പരിശോധിപ്പിക്കാതെ ഭൂമി ഇടപാട് നടത്തിയതിലെ യുക്തിയും കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്തു. നടപടി അക്ഷന്തവ്യമായ അപരാധമാണെന്നും കുഞ്ഞാലിക്കുട്ടി ബഷീറിനോട് പറഞ്ഞു. പാർട്ടി അധ്യക്ഷന്‍ സാദിഖലി തങ്ങളും പ്രശ്നത്തില്‍ അസ്വസ്ഥനാണ്. വിഷയം സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്ത സാഹചര്യത്തില്‍ പാർട്ടിക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് നേതൃത്വം. ഭൂമിയുടെ മേലുള്ള നിയമക്കുരുക്ക് മറികടക്കാന്‍ ലീഗ് നേതൃത്വം അടിയന്തരമായി നിയമോപദേശം തേടി. മുതിർന്ന അഭിഭാഷകരുമായി ഞായറാഴ്ച തന്നെ കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചു. അഭിഭാഷകർ അടക്കമുള്ള ചിലരോട് അടിയന്തരമായി പാണക്കാട് എത്താനും നിർദേശിച്ചിട്ടുണ്ട്.

ലീഗിന്‍റെ പുനരധിവാസ പദ്ധതിയുടെ ചുമതല പി.കെ ബഷീർ നേതൃത്വത്തോട് ചോദിച്ച് വാങ്ങിയതാണ്. വയനാട് മണ്ഡലത്തിലെ ഏക ലീഗ് എംഎല്‍എ, പ്രിയങ്ക ഗാന്ധി എംപിയോടുള്ള വ്യക്തിപരമായ ബന്ധം എന്നിവ കണക്കിലെടുത്ത് പദ്ധതിയുടെ ചുമതല തന്നെ ഏല്‍പിക്കണമെന്ന് ബഷീർ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ എല്ലാ ഭാരവും ബഷീർ പേറേണ്ട സ്ഥിതിയാണ്. ബഷീർ കണ്‍വീനറായ ഉപസമിതിക്കാണ് പുനരധിവാസ പദ്ധതിയുടെ ചുമതല ലീഗ് നല്‍കിയിരുന്നത്.

നേരത്തേ സർക്കാറുമായി ചേർന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ലീഗ് തീരുമാനം. എന്നാല്‍ സർക്കാറിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് തനിച്ച് പദ്ധതി നടപ്പാക്കാനുള്ള ലീഗ് തീരുമാനമുണ്ടായി. പാർട്ടിക്കും യുഡിഎഫിനും അഭിമാനമായി മാറേണ്ടിയരുന്ന വയനാട് പുരധിവാസ പദ്ധതി നിയമക്കുരുക്കില്‍പെട്ട് രാഷ്ട്രീയ ബാധ്യതയാകുമോ എന്ന ആശങ്ക കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്കുണ്ട്.

വയനാട് തൃക്കൈപ്പറ്റ വില്ലേജില്‍ വാങ്ങിയ 11 ഏക്കറിലെ ഒരു ഭാഗം തോട്ടഭൂമിയാണെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോർഡ് ഭൂവുടകളില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു. 11 ഏക്കറിലെ ഒരുഭാഗം കാപ്പിത്തോട്ടം തരംമാറ്റിയെന്നാണ് വില്ലേജ് ഓഫീസറുടെ കണ്ടെത്തല്‍. ലാന്‍ഡ് ബോർഡില്‍ രേഖകള്‍ സഹിതം ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്.

Similar Posts