
കമ്യൂണിസ്റ്റ് ശൈലി ഇല്ല, അണികളുടെ പിന്തുണയില്ല; പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ വിമർശനം
|തിങ്കളാഴ്ച മുതൽ പി.കെ ശ്യാമള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും എന്നാണ് സൂചന
കണ്ണൂർ: പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ സിപിഎം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ വിമർശനം. ശ്യാമളക്ക് കമ്യൂണിസ്റ്റ് ശൈലി ഇല്ലെന്ന് അംഗങ്ങൾ പറഞ്ഞു. അനുഭാവികളുടെയും അണികളുടെയും പിന്തുണ ശ്യാമളക്കില്ലെന്നും മയ്യിൽ മേഖലയിൽ നിന്നുള്ള അംഗങ്ങൾ വിമർശിച്ചു. പി.ജയരാജനാണ് മണ്ഡലം കമ്മിറ്റിയുടെ ചുമതല.
പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പിൻഗാമിയായി ഭാര്യയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിൽ അണികൾക്കിടയിൽ വലിയ അമർഷം നിലനിൽക്കുന്നതിനിടെയാണ് മണ്ഡലം കമ്മറ്റിയിലും വിമർശനം ഉയർന്നത്. അണികളുടെയും അനുഭാവികളുടെയും പിന്തുണ ഇല്ലെന്ന കാര്യമാണ് യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചത്. കമ്യൂണിസ്റ്റ് ശൈലിയില്ലാത്ത ശ്യാമള നിർണായ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുന്നതിൽ വിമർശനം ഉന്നയിച്ചവർ ആശങ്കയും ഉന്നയിച്ചിട്ടുണ്ട്. പ്രധാനമായും മയ്യിൽ ഏരിയാ കമ്മിറ്റിക്ക് കീഴിൽ നിന്നുള്ളവരാണ് വിമർശനം ഉന്നയിച്ചത്.
നേരത്തെ ജില്ലാ സെക്രട്ടേറിയേറ്റ് ശ്യാമളയുടെ പേര് അംഗീകരിച്ച ഘട്ടത്തിൽ മയ്യിൽ മേഖലയിൽ നിന്നുള്ള അണികളടക്കമുള്ളവരാണ് സോഷ്യൽ മീഡിയയിലടക്കം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചിട്ടും പ്രാദേശിക തലത്തിലെ പ്രതിഷേധം തുടരുന്നു എന്നതിൻ്റെ സൂചനയാണ് മണ്ഡലം കമ്മറിയിൽ ഉയർന്ന വിമർശനം. താഴെത്തട്ടിലുള്ള വികാരം തണുപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി സംസ്ഥാന സമിതി അംഗം പി.ജയരാജന് തളിപ്പറമ്പ് മണ്ഡലത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുണ്ട്. പ്രതിഷേധം നിലനിൽക്കുന്നതിനിടയിൽ അനൗദ്യോഗിക പ്രചരണം ഉടൻ തുടങ്ങാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.