
സർക്കാരിനെതിരായ വിമർശനം പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി
|ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകരുതെന്ന ഫേസ്ബുക്ക് പോസ്റ്റിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി
എറണാകുളം: സർക്കാരിനെതിരായ വിമർശനം പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകരുതെന്ന ഫേസ്ബുക്ക് പോസ്റ്റിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നും ദുരിതാശ്വാസ സംഭാവനകൾ നേരിട്ട് നൽകുന്നതാണ് നല്ലതെന്നും സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതാണ് കേസിന് ആധാരം. എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിന്റെ പേരിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ആരെങ്കിലും സഹായിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് നേരിട്ട് നൽകുക, ദുരിതാശ്വാസനിധിയിലേക്ക് തുക നൽകിയാൽ വക മാറ്റപ്പെടും, ദുരിതാശ്വാസ നിധി തട്ടിപ്പാണ് എന്ന തരത്തിൽ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം.
സർക്കാർ നയങ്ങളെ വിമർശിച്ചത് കൊണ്ട് മാത്രം മൗലികാവകാശങ്ങൾ നിയന്ത്രിക്കാൻ കഴിയില്ല എന്നും പൊതുക്രമത്തെയോ സംസ്ഥാന സുരക്ഷയെയോ അപകടപ്പെടുത്തുന്നതല്ലാത്ത പക്ഷം, ഇത്തരം അഭിപ്രായസ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കേണ്ടതില്ല എന്നുമുള്ള സുപ്രിംകോടതി നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. പരാതിക്കാരന് പരാമർശം ഭയമോ ആശങ്കയോ ഉണ്ടാക്കുകയോ സംസ്ഥാനത്തിനോ പൊതുസമാധാനത്തിനു എതിരായ കുറ്റകൃത്യങ്ങൾ പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു. വിവിധ വകുപ്പുകളിലെ കുറ്റങ്ങളിൽ നിലനിൽക്കുന്നതല്ല എന്നും കോടതി കണ്ടെത്തി. ഇതോടെ ഹർജിക്കാരന് എതിരെ ചുമത്തിയ എല്ലാ നടപടികളും കോടതി റദ്ദാക്കി.
ഭരണഘടന പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ട്. അതിൽ വിമർശനത്തിനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടും. പ്രതികരിക്കാനും ചിന്തിക്കാനും ഓരോ വ്യക്തിക്കും അവരുടെ അവകാശങ്ങൾ പ്രധാനമാണ്. രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സാമൂഹിക ക്രമത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ മാത്രമേ, അഭിപ്രായപ്രകടനങ്ങൾ നിയന്ത്രിക്കാൻ ആവുകയുള്ളൂ. എന്നാൽ സർക്കാർ നടപടികളെ വിമർശിക്കുന്നത് ഇതിൻറെ പരിധിയിൽ വരില്ല എന്നും ജസ്റ്റിസ് വി.ജി. അരുൺ ചൂണ്ടിക്കാട്ടി.