
ഇഡി ഉദ്യോഗസ്ഥർ പ്രതിയായ കൈക്കൂലി കേസ്: പിടിയിലായ ചാർട്ടേഡ് അക്കൗണ്ടിന്‍റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെടുത്തു
|സമൻസ് അയച്ചവരില്‍ നിന്നും കൈക്കൂലി ആവശ്യപ്പെടാൻ പദ്ധതി ഇട്ടിരുന്നതായി വിജിലൻസ്
കൊച്ചി:ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ ചാർട്ടേഡ് അക്കൗണ്ട് രഞ്ജിത്തിന്റെ വീട്ടിൽനിന്ന് നിർണായക രേഖകൾ കണ്ടെടുത്തു. ഇഡി സമൻസ് അയച്ചവരുടെ പേര് വിവരങ്ങളടങ്ങുന്ന രേഖകളാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും കൈക്കൂലി ആവശ്യപ്പെടാൻ പദ്ധതി ഇട്ടിരുന്നതായും വിജിലൻസ് നിഗമനം.
കേസിൽ നാലാം പ്രതിയായ രഞ്ജിത്ത് വാര്യരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഡിജിറ്റൽ തെളിവുകളും രേഖകളും ഡയറിയും പിടിച്ചെടുത്തത്. ഡയറിയിൽ ഇഡി സമൻസ് അയച്ച വ്യക്തികളുടെ പേര് വിവരങ്ങളാണുള്ളത്. രഞ്ജിത്തിന് ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം ഉണ്ടെന്നും കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഇയാൾ നിരന്തരം വരാറുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കസ്റ്റഡിയിലുള്ള പ്രതികളെ നിലവിൽ വിജിലൻസ് ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം മാത്രം ഒന്നാം പ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ ചോദ്യം ചെയ്താൽ മതിയെന്നാണ് വിജിലൻസ് തീരുമാനം. അതേസമയം, സമാനമായ പരാതികളുമായി കൂടുതൽ പേർ വിജിലൻസിനെ സമീപിക്കുന്നുണ്ട്.
അതിനിടെ കേസിന്‍റെ തെളിവും വിശദാംശങ്ങളും ഇഡി വിജിലൻസിനോട് ആവശ്യപ്പെട്ടു. ഇഡി ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി. ഡിജിറ്റൽ തെളിവുകളാണ് പ്രധാനമായും വിജിലന്‍സ് ശേഖരിക്കുന്നത്. കസ്റ്റഡിയിലുള്ള രഞ്ജിത്ത്, ജിൻസൺ, മുകേഷ് എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അഞ്ചുദിവസത്തേക്കാണ് ഇവരെ വിജിലൻസിന്റെ കസ്റ്റഡിയിൽ കോടതി വിട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിനെ ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം.