< Back
Kerala
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് എസ്ഐടിക്ക് നിർണായക വിവരങ്ങൾ
Kerala

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് എസ്ഐടിക്ക് നിർണായക വിവരങ്ങൾ

Web Desk
|
26 Oct 2025 9:46 AM IST

ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് രേഖകൾ ബം​ഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടി

ബം​ഗളൂരു: ശബരിമല സ്വർണക്കൊള്ളയിൽ പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് എസ്ഐടിക്ക് നിർണായക വിവരങ്ങൾ. ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് രേഖകൾ ബം​ഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടി. ഇതോടെ പോറ്റിയുടെ ഭൂമിയിടപാടുകളിലും സാമ്പത്തിക ഇടപാടുകളിലും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

നേരത്തെ, ഇന്നലെ രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ ഫ്ലാറ്റിൽ നിന്ന് 176 ​ഗ്രാം സ്വർണം പിടികൂടിയിരുന്നു. ഇവ ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമാണോ എന്നറിയാൻ പരിശോധനയ്ക്ക് വിധേയമാക്കും.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള എസ്ഐടി സംഘത്തിന്റെ ചെന്നൈയിലെ തെളിവെടുപ്പും പുരോഗമിക്കുകയാണ്. സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിൽ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപവും കട്ടിളയും കൊണ്ടുപോയി ഉരുക്കി സ്വർണം വേർതിരിച്ചെടുത്തത് ചെന്നൈയിലായിരുന്നു. സ്വർണപ്പാളികളിൽ ഏകദേശം 1567 ഗ്രാം സ്വർണമുണ്ടായിരുന്നെന്നാണ് യുബി ഗ്രൂപ്പ് പറയുന്നത്. ഇത് ഉരുക്കിയപ്പോൾ ഒരു കിലോയോളം സ്വർണം കുറവുണ്ടായിരുന്നു.

ഇതിൽ എന്തൊക്കെ അട്ടിമറികളും ക്രമക്കേടും ഉണ്ടായെന്ന് കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായാണ് തെളിവെടുപ്പ്. ഇന്നും നാളെയുമായി ചെന്നൈയിലെയും ബംഗളൂരുവിലേയും തെളിവെടുപ്പും പരിശോധനയും പൂർത്തിയാക്കാനാണ് അന്വേഷണ സംഘമൊരുങ്ങുന്നത്. അതിനു ശേഷം പോറ്റിയുമായി ഹൈദരാബാദിലേക്ക് പോകാനാണ് തീരുമാനം. സ്വർണപ്പാളികൾ ഹൈദരാബാദിലും എത്തിച്ചിരുന്നു.

Similar Posts