< Back
Kerala
Ananthu Krishnan
Kerala

അനന്തുകൃഷ്ണന്‍റെ 19 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ

Web Desk
|
6 Feb 2025 11:56 AM IST

സത്യം പുറത്തുവരുമെന്ന് അനന്തു

കൊച്ചി: സിഎസ്ആർ ഫണ്ടിന്‍റെ പേരിൽ കോടികൾ തട്ടിയ ഓഫർ തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ. അഞ്ചുദിവസത്തേക്കാണ് മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. അനന്തു കൃഷ്ണന്‍റെ 19 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ തട്ടിപ്പിൽ ഇഡിയും പ്രാഥമിക വിവരശേഖരണം ആരംഭിച്ചു.

വിശദമായ ചോദ്യം ചെയ്യലിന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ അനുവദിക്കണമെന്ന പൊലീസ് ആവശ്യം അംഗീകരിച്ചു കൊണ്ടാണ് മൂവാറ്റുപുഴ ജുഡീഷ്യൽ കോടതിയുടെ നടപടി. സന്നദ്ധ സംഘടനകളിലൂടെ ചെയ്ത പ്രോജക്ട് ആണെന്നും സത്യം പുറത്ത് വരുമെന്നും അനന്തു കൃഷ്ണൻ മീഡിയവണിനോട്‌ പ്രതികരിച്ചു .

പ്രതിയുടെ 19 ബാങ്ക് അക്കൗണ്ടുകളിലായി 450 കോടി രൂപ എത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും മൂന്ന് കോടി രൂപ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. തട്ടിയെടുത്ത പണത്തിന്‍റെ ഒരു പങ്ക് സഹോദരന്‍റെയും സഹോദരി ഭർത്താവിന്‍റെയും പേരിൽ ഭൂമി വാങ്ങാൻ ഉപയോഗപ്പെടുത്തി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഇതിനപ്പുറം ബാക്കി തുക എന്തൊക്കെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് തുടരുന്നത്. പുറമേ കേസിൽ മറ്റാർക്കൊക്കെ പങ്കുണ്ടെന്ന് കാര്യത്തിൽ വ്യക്തത വരുത്താനുള്ള ചോദ്യം ചെയ്യലും നടക്കും.

തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ പ്രതിയുടെ പേരിലുള്ള മൂന്ന് കാറുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതിനിടെ തട്ടിപ്പിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്എആറുകളുടെ വിവരങ്ങൾ ഇഡി ശേഖരിച്ചു. പ്രാഥമിക വിവരശേഖരണത്തിന്‍റെ ഭാഗമായാണ് നടപടി. അനന്തു കൃഷ്ണൻ രൂപീകരിച്ച നാഷണൽ എൻജിഒ പ്രോജക്ട് കൺസൾട്ടിംഗ് ഏജൻസി എന്ന പേരിളുള്ള ട്രസ്റ്റിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്നും ഇഡിക്ക്‌ സംശയമുണ്ട്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം ECIR രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കും.



Similar Posts