< Back
Kerala
പൊലീസ് കസ്റ്റഡിയില്‍ യുവാവിന്‍റെ മരണം; പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തൽ
Kerala

പൊലീസ് കസ്റ്റഡിയില്‍ യുവാവിന്‍റെ മരണം; പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തൽ

Web Desk
|
23 July 2022 10:41 AM IST

ഉത്തരമേഖലാ ഐ ജി ടി വിക്രം , സംസ്ഥാന പൊലീസ് മേധാവിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും

കോഴിക്കോട്: വടകര കല്ലേരിയിലെ സജീവന്‍റെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തൽ. ഉത്തരമേഖലാ ഐ ജി ടി വിക്രം , സംസ്ഥാന പൊലീസ് മേധാവിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. വടകര എസ് ഐ ഉൾപ്പെടെ മൂന്ന് പേരെ അന്വേഷണ വിധേയമായി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

സജീവന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. സജീവന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വടകര കല്ലേരിയിലെ വീട്ടുവളപ്പിൽ നടന്ന സജീവന്റെ സംസ്‌കാര ചടങ്ങിൽ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന വൻ ജനാവലി പങ്കെടുക്കാനെത്തി.

മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാത്രിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. ആന്തരികാവയവങ്ങൾ രാസപരിശോധനക്കയച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത സജീവനെ സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചതായും ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതായും ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം വിവിധ സംഘടനകൾ പ്രതിഷേധവുമായെത്തിയിരുന്നു. തുടർന്നാണ് എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ ഡിഐജി രാഹുൽ ആർ നായർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.


Similar Posts