< Back
Kerala
അർജുൻ ആയങ്കിക്ക്  കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്
Kerala

അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്

Web Desk
|
6 Aug 2021 12:34 PM IST

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി

കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി. സ്വർണക്കടത്തിന്‍റെ പ്രധാന സൂത്രധാരൻ അർജുൻ ആയങ്കിയാണെന്നും അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയെ അറിയിച്ചു. അർജുൻ ആയങ്കി നൽകിയ ജാമ്യ ഹരജി കോടതി വിധി പറയാൻ മാറ്റി.

ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അ‍ർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വർണം കടത്തുന്നവരെ തട്ടിക്കൊണ്ടുപോകുന്നതിൽ പങ്കാളിയാണ് അർ‍ജുൻ. വാഹനങ്ങള്‍ വാടകക്കെടുത്താണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. വലിയ സ്വാധീനമുള്ള വ്യക്തികള്‍ ഇതിന് പിന്നിലുണ്ട്. അര്‍ജുനാണ് പ്രധാന സൂത്രധാരന്‍.

സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലെന്ന് അര്‍ജുന്‍ പറഞ്ഞതായും കസ്റ്റംസ് അറിയിച്ചു. ക്വട്ടേഷൻ സംഘങ്ങൾ സഞ്ചരിച്ച കാറുകളിലൊന്ന് അർജുൻ ആയങ്കി വാടകയ്ക്കെടുത്തതാണ്. കാസർകോട് സ്വദേശി വികാസിന്‍റെ കാർ 2 ലക്ഷം രൂപ ലീസിനെടുത്തത് അർജുനാണെന്നും കാർ സ്വർണക്കടത്തിന് ഉപയോഗിച്ചുവെന്നുമാണ് കസ്റ്റംസിന്‍റെ വിശദീകരണം. അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ ആവര്‍ത്തിച്ചു.

Similar Posts