< Back
Kerala
രാജ്യസ്‌നേഹം പ്രത്യേക ഗാനം ആലപിക്കുന്നതിലൂടെ അളക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; വന്ദേമാതരം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാവിരുദ്ധം: ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ
Kerala

രാജ്യസ്‌നേഹം പ്രത്യേക ഗാനം ആലപിക്കുന്നതിലൂടെ അളക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; വന്ദേമാതരം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാവിരുദ്ധം: ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ

Web Desk
|
14 Feb 2026 1:03 PM IST

ആചാരപരമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിന്‍റെ ഐക്യത്തിന് ഗുണകരമല്ലെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസ്താവനയിൽ പറഞ്ഞു

കൊല്ലം: വന്ദേമാതരം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. പ്രത്യേക ഗാനം പാടുന്നതിലൂടെ മാത്രം രാജ്യസ്‌നേഹം അളക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കൃത്രിമമായ ദേശസ്‌നേഹ പ്രകടനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും സംസ്ഥാന പ്രസിഡന്റ് ഒ.അബ്ദുറഹ്‌മാന്‍ ഹസ്രത്ത് പറഞ്ഞു. വര്‍ഗീയധ്രുവീകരണം ലക്ഷ്യംവെക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്തിരിയണമെന്നും ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

'വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിക്കുമ്പോഴും അത് ആലപിക്കുന്നത് നിര്‍ബന്ധമാക്കരുതെന്ന വ്യക്തമായ നിലപാടാണ് ഭരണഘടനാ ശില്‍പികള്‍ സ്വീകരിച്ചിരുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസപരമായ വികാരങ്ങളെ മാനിച്ചുകൊണ്ടാണ് ജനഗണമന ദേശീയ ഗാനമായി തിരഞ്ഞെടുത്തത്. ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത ആ സഹിഷ്ണുതയെ തകര്‍ക്കാനാണ് ചിലര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദം പൗരന്മാര്‍ക്ക് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. സ്വന്തം വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഒരു പൗരനെയും ഭരണകൂടത്തിനോ ഇതര സംഘടനകള്‍ക്കോ നിര്‍ബന്ധിക്കാനാവില്ലെന്ന് 1986ലെ ബിജോ ഇമ്മാനുവല്‍ കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയതുപോലെ, സ്വന്തം മതവിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ഒരാളെയും നിര്‍ബന്ധിക്കാനാവില്ല'. പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തെ വൈവിധ്യങ്ങളെയും മതപരമായ പ്രത്യേകതകളെയും മാനിക്കുന്നതാണ് യഥാര്‍ഥ മതേതരത്വമെന്നും വിവാദങ്ങളുണ്ടാക്കി വര്‍ഗീയധ്രുവീകരണം ലക്ഷ്യംവെക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും ഭരണകൂടം ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ആവശ്യപ്പെട്ടു. ആചാരപരമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമല്ലെന്നും നേതാക്കള്‍ പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts