< Back
Kerala
സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവരശേഖരണം ഇന്ന് അവസാനിക്കും
Kerala

സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവരശേഖരണം ഇന്ന് അവസാനിക്കും

Web Desk
|
18 Dec 2025 6:13 AM IST

നിലവിലെ കണക്കുപ്രകാരം 2495069 പേരുടെ എന്യൂമറേഷന്‍ ഫോം തിരിച്ചുവന്നിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവരശേഖരണം ഇന്ന് അവസാനിക്കും. നിലവിലെ കണക്കുപ്രകാരം 2495069 പേരുടെ എന്യൂമറേഷന്‍ ഫോം തിരിച്ചുവന്നിട്ടില്ല. എന്യൂമറേഷന്‍ ഫോം തിരിച്ചുവരാത്തവരുടെ വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ മുതല്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിരുന്നു.

എസ്‌ഐആറിനു ശേഷമുള്ള കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങളാണ് കമ്മീഷന്‍ ഇന്നലെ പ്രസിദ്ധീകരിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ബൂത്ത് തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുക. ബിഎല്‍ഒമാരുടെ വിവര ശേഖണം ഇന്ന് അവസാനിക്കാനിരിക്കെയാണ് രാ്ഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യപ്രകാരം കമ്മീഷന്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഇന്ന് രാവിലെ 11.30ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും തുടര്‍നീക്കങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കും. സംസ്ഥാനത്ത് ഇതുവരെ എന്യൂമറേഷന്‍ ഫോം തിരിച്ചുനല്‍കാത്തവരില്‍ 24,95,069 പേരില്‍ ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തവരും സ്ഥിരമായി താമസം മാറിയവരും എന്യൂമറോഷന്‍ ഫോം തിരിച്ച് നല്‍കാത്തവരും മരിച്ചവരായി ബിഎല്‍ഒമാര്‍ കണ്ടെത്തിയവരും ഉള്‍പ്പെടും.

കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23നാണ് പ്രസിദ്ധീകരിക്കുക. പേര് ചേര്‍ക്കാനോ തിരുത്തലുകള്‍ക്കോ ആക്ഷേപങ്ങള്‍ അറിയിക്കാനോ ജനുവരി 22 വരെ സമയമുണ്ട്. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.

അതേസമയം, എസ്‌ഐആറിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞതവണ പരിഗണിച്ച ഘട്ടത്തില്‍ എനുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി രണ്ടുദിവസം കൂടി നീട്ടി നല്‍കിയിരുന്നു. എസ്‌ഐആര്‍ നടപടികളുടെ സമയം കൂടുതല്‍ നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഇന്ന് കോടതി പരിശോധിക്കും.

Similar Posts