
ദാത്തോ എം.ടി.പി ഷാഹുൽ ഹമീദ് നിര്യാതനായി
|മലേഷ്യയിലെ മലയാളി വ്യാപാര പ്രമുഖനും കെഎംസിസി ഉപദേശക സമിതി ചെയർമാനുമാണ് ദാത്തോ എം.ടി.പി ഷാഹുൽ ഹമീദ് ബിൻ അബ്ദുൽ ഖാദർ ഹാജി
ക്വലാലമ്പൂർ: മലേഷ്യയിലെ മലയാളി വ്യാപാര പ്രമുഖനും കെഎംസിസി ഉപദേശക സമിതി ചെയർമാനുമായ ദാത്തോ എം.ടി.പി ഷാഹുൽ ഹമീദ് ബിൻ അബ്ദുൽ ഖാദർ ഹാജി (55) നിര്യാതനായി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഷാഹുൽ ഹമീദ് മലേഷ്യയിലെ ജോഹറിൽ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. അദ്ദേഹത്തിൻ്റെ എം.ടി.പി ഗ്രൂപ്പ് ബിസിനസ് രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു. KMCC പ്രവർത്തനങ്ങളുടെ പിന്നണി ശക്തിയായ ഷാഹുൽ ഹമീദിന് കേരളത്തിലെ മുസ്‌ലിം ലീഗ് നേതൃത്വവുമായി നല്ല ബന്ധമാണ്. അദ്ദേഹത്തിൻ്റെ സേവനങ്ങളെ മുൻനിർത്തി മലേഷ്യൻ ഭരണകൂടം സിവിലിയൻ ബഹുമതിയായ 'ദാത്തോ' പദവി നൽകി അദ്ദേഹത്തെ ആദരിച്ചു.
1944 ൽ തൻ്റെ 13-ാം വയസിൽ ലോഞ്ചിൽ കയറി മലേഷ്യയിലെത്തിയ പയ്യന്നൂർ വെള്ളൂരിലെ എം.ടി.പി അബ്ദുൽ ഖാദർ ഹാജിയുടെ പത്ത് മക്കളിൽ ഒരാളാണ് ഷാഹുൽ ഹമീദ്. കടയിൽ ജോലി ചെയ്തു തുടങ്ങിയ അബ്ദുൽ ഖാദർ ഹാജി പിന്നീട് എം.ടി.പി ഗ്രൂപ്പ് എന്ന വലിയ ബിസിനസ് ശൃംഖലയുടെ സ്ഥാപകനാവുകയായിരുന്നു. പിതാവിൻ്റെ മരണ ശേഷം മലേഷ്യയിലെ മക്കളായ ഷാഹുൽ ഹമീദും നാസർ ഹാജിയുമാണ് ബിസിനസ് മുന്നോട്ട് കൊണ്ടു പോയത്. നാസർ ഹാജി കെ.എം.സി.സി മലേഷ്യ നാഷനൽ പ്രസിഡൻ്റ് ആണ്.
ജോഹറിലെ കൊളം അയർ ജുമാ മസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിൽ മലയാളികളും മലേഷ്യക്കാരുമായ വൻ ജനാവലി പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ഷാഹുൽ ഹമീദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു.