< Back
Kerala
പൈലറ്റില്ലെങ്കിൽ എന്തിനാണ് വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നത്; എയർ ഇന്ത്യക്കെതിരെ വിമർശനവുമായി ഡേവിഡ് വാർണർ
Kerala

'പൈലറ്റില്ലെങ്കിൽ എന്തിനാണ് വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നത്'; എയർ ഇന്ത്യക്കെതിരെ വിമർശനവുമായി ഡേവിഡ് വാർണർ

Web Desk
|
23 March 2025 3:30 PM IST

എയർ ഇന്ത്യ വിമാന സർവിസുകൾ മണിക്കൂറുകളോളം ​വൈകുന്നതിൽ കേന്ദ്രസർക്കാർ നടപടിയാവശ്യപ്പെട്ട് സുപ്രിയ സുലെ എം.പി രംഗത്തെത്തിയിരുന്നു

ബെംഗളൂരു: എയർ ഇന്ത്യക്കെതിരെ വിമർശനവുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. പൈലറ്റിനായി മണിക്കൂറുകളോളം വിമാനത്തിൽ കാത്തിരിക്കേണ്ടി വന്നതാണ് വാർണറെ ചൊടിപ്പിച്ചത്. പൈലറ്റില്ലെങ്കിൽ എന്തിനാണ് വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നതെന്ന് വാർണർ എക്‌സിൽ കുറിച്ചു. വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യയും രംഗത്തെത്തി.

'ഞങ്ങൾ പൈലറ്റുമാരില്ലാത്ത ഒരു വിമാനത്തിൽ കയറി മണിക്കൂറുകളോളം കാത്തിരുന്നു. വിമാനത്തിൽ പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്," എന്നായിരുന്നു വാർണർ എക്‌സിൽ പങ്കുവെച്ച പോസ്റ്റ്. എന്നാൽ, ബെംഗളൂരുവിലെ മോശം കാലാവസ്ഥയാണ് വിമാന സർവീസുകൾ വൈകാൻ കാരണമെന്നായിരുന്നു എയർ ഇന്ത്യയുടെ മറുപടി.

' പ്രിയപ്പെട്ട വാർണർ, ബെംഗളൂരുവിലെ ഇന്നത്തെ മോശം കാലാവസ്ഥ എല്ലാ എയർലൈനുകളിലും യാത്രാ തടസങ്ങൾക്കും കാലതാമസത്തിനും കാരണമായി. ഈ കാരണങ്ങളാൽ നിങ്ങളുടെ വിമാനത്തിലേക്ക് നിശ്ചയിച്ചിരുന്ന ജീവനക്കാർ പുറപ്പെടാൻ വൈകി. നിങ്ങളുടെ ക്ഷമയെ ഞങ്ങൾ അഭിനന്ദിക്കുന്നു', എയർ ഇന്ത്യ എക്സിൽ വ്യക്തമാക്കി. വാർണറും മറ്റ് യാത്രക്കാരും നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

എയർ ഇന്ത്യ വിമാന സർവിസുകൾ മണിക്കൂറുകളോളം ​വൈകുന്നതിൽ കേന്ദ്രസർക്കാർ നടപടിയാവശ്യപ്പെട്ട് എൻ‌സി‌പി (എസ്‌പി) വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ എം.പി രംഗത്തെത്തിയിരുന്നു. ഉപഭോക്താക്കളിൽനിന്ന് ഉയർന്ന നിരക്ക് ഈടാക്കിയിട്ടും കൃത്യസമയത്ത് സർവിസ് നടത്താനാവാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് എംപി പറഞ്ഞു. വ്യോമയാന മന്ത്രിയെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. അടുത്തിടെ, ഇന്ത്യൻ-കനേഡിയൻ നടി ലിസ റേയും എയർ ഇന്ത്യക്കെതിരേ രംഗത്തെത്തിയിരുന്നു.

Similar Posts