< Back
Kerala
കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
Kerala

കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

Web Desk
|
28 Aug 2021 6:42 AM IST

കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്‍റണിയുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും പ്രഖ്യാപനം

കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഇന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്‍റണിയുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും പ്രഖ്യാപനം. മുതിർന്ന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമാണ് ഹൈക്കമാന്‍ഡിന്‍റെ മുന്നിലുള്ളത്.

ബിഹാറിൽ നാലു ദിവസത്തെ പര്യടനത്തിന് പോകുന്നതിനു മുന്നേ,കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ഡി.സി.സി അധ്യക്ഷ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. എ.കെ.ആന്‍റണിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സോണിയ ഗാന്ധി ഒപ്പിടുന്നത്. ഉമ്മൻ‌ചാണ്ടിയുടെ മനസറിഞ്ഞു കൂടുതൽ നേതാക്കളെ ഡിസിസി പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ രമേശ്‌ ചെന്നിത്തലയെ പൂർണമായും തഴയുന്ന കാഴ്ചയാണ് ലിസ്റ്റിൽ കാണുന്നത്. രമേശ്‌ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിനെ വെട്ടിമാറ്റിയാണ് കെ.സി.വേണുഗോപാലിന്‍റെ അടുപ്പക്കാരനായ കെ.പി ശ്രീകുമാറിനെ ആലപ്പുഴയിൽ എഴുതിചേർത്തത്. പട്ടിക പുറത്ത് വരുന്നതിനു മുൻപേ സോഷ്യൽ മീഡിയയിൽ അനുമോദന പോസ്റ്ററുകൾ എത്തിയതും മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. എ.കെ ആന്‍റണി ഉൾപ്പെടെ കേന്ദ്രനേതാക്കളെ ചെന്നിത്തല വിഭാഗം അമർഷം അറിയിച്ചതിനാൽ പട്ടികയിൽ വീണ്ടും ഒരു മാറ്റം ഇവർ പ്രതീക്ഷിക്കുന്നുണ്ട്.

വയനാട് ആദ്യം പരിഗണിച്ച നേതാവ് വിജിലൻസ് കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നതിനാലാണ് മറ്റൊരാളിലേക്ക് എത്തിയത്. നേതാക്കന്മാരെ അനുനയിപ്പിച്ച ശേഷം വൈകുന്നേരത്തോടെ പട്ടിക പുറത്തിറക്കാമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടൽ.



Similar Posts