
കോടതി വിധി അംഗീകരിക്കുന്നു; വി.എം വിനുവിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ഡിസിസി പ്രസിഡന്റ്
|വി.എം വിനുവിനെ യുഡിഎഫ് ചേർത്തുനിർത്തും. അദ്ദേഹം യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്തുണ്ടാകുമെന്നും പ്രവീൺ കുമാർ പറഞ്ഞു.
കോഴിക്കോട്: വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെതിരായ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ഡിസിസി പ്രസിഡന്റ്. കോടതി വിധി പൂർണമായും അംഗീകരിക്കുന്നു. ഇതുകൊണ്ടൊന്നും രാഷ്ട്രീയ പോരാട്ടം അവസാനിക്കുന്നില്ലെന്നും കെ. പ്രവീൺ കുമാർ പറഞ്ഞു.
വി.എം വിനുവിൻ്റെ വോട്ട് ഉൾപ്പെടുത്തേണ്ട ഉത്തവാദിത്തം ബിഎൽഒമാർക്കായിരുന്നു. ഇത് അവരുടെ വീഴ്ചയാണ്. എന്തെങ്കിലും പാളിച്ച പാർട്ടിക്ക് സംഭവിച്ചെങ്കിൽ ഗൗരവമായി പരിശോധിക്കും. കല്ലായിയിൽ പ്ലാൻ ബി ഉണ്ടാകും. വിനുവിന് പകരം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. ശക്തനായ സ്ഥാനാർഥി വരും. വി.എം വിനുവിനെ യുഡിഎഫ് ചേർത്തുനിർത്തും. അദ്ദേഹം യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്തുണ്ടാകുമെന്നും പ്രവീൺ കുമാർ പറഞ്ഞു.
കോർപറേഷനിൽ ഏറ്റവും കൂടുതൽ പുതിയ വോട്ട് ചേർത്തത് യുഡിഎഫാണ്. അതിന്റെ കൃത്യമായ കണക്കുണ്ടെന്നും തങ്ങൾ ഇടപെട്ട് ആരുടേയും പേര് വെട്ടിയിട്ടില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. അതേസമയം, മെഡിക്കൽ കോളജ് സൗത്ത് വാർഡിൽ നേരത്തെ പ്രഖ്യാപിച്ച ബിന്ദു കമ്മനകണ്ടിക്ക് വോട്ട് ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടുണ്ടെന്നും ഇനി രമ്യ കെ. മത്സരിക്കുമെന്നും കെ. പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, കോടതി വിധി മാനിക്കുന്നുവെന്ന് പറഞ്ഞ വി.എം വിനു, വോട്ട് ചേർക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായിരുന്നെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ നിശ്ചയിച്ചത് വോട്ടുറപ്പാക്കാനാണ്. എന്നാൽ ഈ സംവിധാനം അമ്പേ പരാജയപ്പെട്ടു. സിപിഎം, ബിജെപി പ്രവർത്തകരൊക്കെ തൻ്റെ സുഹൃത്തുക്കളാണ്. താൻ യുഡിഎഫ് പ്രചാരണ രംഗത്തുണ്ടാകുമെന്നും വി.എം വിനു വ്യക്തമാക്കി.
സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്നും വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സമയം ഉണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വി.എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളിയത്. രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. സെലിബ്രിറ്റിയായയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്ന് പറഞ്ഞ കോടതി സെലിബ്രിറ്റികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേ നിയമമാണ് ബാധകമെന്നും പറഞ്ഞു.
താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്നും കോടതി ചോദിച്ചു. വി.എം വിനു മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ഒന്നും അറിയാറില്ലേ? വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സമയം ഉണ്ടായിരുന്നു. പത്രങ്ങളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നു. സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. രാഷ്ട്രീയ വൈരം മൂല്യമാണ് പേര് വെട്ടിയത് എന്ന വാദത്തിൽ അത്ഭുതപ്പെടുന്നു. മറ്റുള്ളവരെ പഴിക്കേണ്ടതില്ലെന്നും സ്വയം പഴിക്കൂ എന്നും കോടതി വ്യക്തമാക്കി.
2020- 21 ലോക്സഭാ തെരഞ്ഞെടുപ്പിലെ പട്ടികയിൽ ഉണ്ടായിരുന്നെന്നും രാഷ്ട്രീയത്തിൽ സജീവമില്ലാത്തതിനാൽ വോട്ടർപട്ടിക പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമായിരുന്നു വി.എം വിനുവിന്റെ വാദം. യുഡിഎഫ് സമീപിച്ചപ്പോൾ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. നോമിനേഷൻ നൽകാൻ തയാറായപ്പോഴാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് മനസിലായത്. വൻ ഭൂരിപക്ഷത്തോടെ വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.
തെരഞ്ഞെടുക്കപ്പെട്ടാൽ മേയർ ആകുമെന്ന് ഉറപ്പായിരുന്നു. ഇതോടെ ഭരണപക്ഷം ഗൂഢാലോചന നടത്തി തൻ്റെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കി. തെരഞ്ഞെടുക്കപ്പെടുമെന്ന് ഭയന്ന എൽഡിഎഫ് നേതാക്കൾ ഗൂഢാലോചന നടത്തിയാണ് നോമിനേഷൻ നൽകാതിരിക്കാൻ തന്റെ പേര് ഒഴിവാക്കിയത്. ഇത് ജനാധിപത്യ അവകാശങ്ങളുടെയും സ്വാഭാവിക നീതിയുടേയും ലംഘനമാണ്. പേര് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടർക്കു മുന്നിലുള്ള അപ്പീലിൽ ഉടൻ തീരുമാനമെടുക്കാൻ കോടതി നിർദേശം നൽകണമെന്നും വിനു ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.