< Back
Kerala
naveen babu
Kerala

എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Web Desk
|
27 Nov 2024 11:44 AM IST

എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്ന് കുടുംബത്തിന്‍റെ അഭിഭാഷകനോട് കോടതി ചോദിച്ചു

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജിയിൽ കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ നിർദേശം. അന്വേഷണം സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നൽകണം. സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹരജി ഡിസംബർ 6ന് വീണ്ടും പരിഗണിക്കും.

നവീൻ ബാബുവിൻ്റെ മരണത്തിലെ ദുരൂഹതകളും സംശയങ്ങളും കുടുംബം കോടതിയിൽ ആവർത്തിച്ചു. ഇത് ആത്മഹത്യ സംബന്ധിച്ച കേസല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. എന്നാൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം കോടതിയെ അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് പറയുന്നതെന്ന് കോടതി. മരണത്തിന് ശേഷം നടന്ന പലകാര്യങ്ങളും സംശയാസ്പദമാണെന്നും പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പേരിന് മാത്രമാണെന്നും കുടുംബം വ്യക്തമാക്കി.

രാഷ്ട്രീയപരമായി സ്വാധീനമുള്ള പ്രതികൾ വഴി കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും കുടുംബം ആരോപിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനോട് സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചു. സിബിഐ അന്വേഷണമെന്ന കുടുംബത്തിന്‍റെ ആവശ്യത്തിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹരജിയിൽ തീരുമാനമെടുക്കുന്നത് വരെ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.



Similar Posts