
Photo| Special Arrangement
പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള തീരുമാനം ബിജെപി- സിപിഎം അന്തർധാരയുടെ ഭാഗം: കെഎസ്‌യു
|'വിഷയത്തിൽ എസ്എഫ്ഐ നിലപാട് വ്യക്തമാക്കണം'.
തിരുവനന്തപുരം: കേന്ദ്ര സമ്മർദത്തിന് വഴങ്ങി പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ബിജെപി- സിപിഎം അന്തർധാരയുടെ ഭാഗമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സിപിഐ അടക്കമുള്ള സ്വന്തം മുന്നണിയിലെ പാർട്ടികളുടെ എതിർപ്പിനെ മറികടന്നുള്ള ഇത്തരം തീരുമാനത്തിലൂടെ സംഘ്പരിവാറിനെ പ്രീതിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.
കേന്ദ്രത്തിൻ്റെ ബ്രാൻഡിങ്ങിന് വഴങ്ങുന്നതാണ് സർക്കാരിൻ്റെ പുതിയ തീരുമാനം. തമിഴ്നാട്, കർണാടക അടക്കമുള്ള അയൽ സംസ്ഥാനങ്ങൾ സംഘ്പരിവാർ ക്യാമ്പയ്നോട് എതിർപ്പ് പ്രകടിപ്പിച്ച് നിലകൊള്ളുമ്പോൾ കേരള സർക്കാർ സംഘ്പരിവാറിനു മുമ്പിൽ വിനീതവിധേയരായി മാറുന്നത് പ്രതിഷേധാർഹമാണ്.
പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ചിത്രവുമൊക്കെ വയ്ക്കേണ്ടതായി വരും. സംഘ്പരിവാർ ക്യാമ്പയിന് സഹായമൊരുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടുകൾക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.
വിഷയത്തിൽ എസ്എഫ്ഐ നിലപാട് വ്യക്തമാക്കണം. സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലാകുമ്പോൾ സെറ്റിട്ട സംഘ്പരിവാർ വിരുദ്ധ സമരങ്ങൾ നയിക്കുന്നവർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സമരം ചെയ്യാൻ തയാറാകണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.