< Back
Kerala
എനിക്ക് കൗൺസിലർമാരുടെ പിന്തുണയില്ലെന്ന് പറയുന്നത് തെറ്റ്;  അതൃപ്തി ആവര്‍ത്തിച്ച് ദീപ്തി മേരി വര്‍ഗീസ്
Kerala

'എനിക്ക് കൗൺസിലർമാരുടെ പിന്തുണയില്ലെന്ന് പറയുന്നത് തെറ്റ്'; അതൃപ്തി ആവര്‍ത്തിച്ച് ദീപ്തി മേരി വര്‍ഗീസ്

Web Desk
|
24 Dec 2025 9:41 AM IST

കോർ കമ്മിറ്റി ചേരാതെയാണ് തീരുമാനമെടുത്തതെന്നും ദീപ്തി പറയുന്നു

കൊച്ചി: കെപിസിസിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കൊച്ചി മേയറെ തീരുമാനിച്ചതെന്ന് ആവർത്തിച്ച് ദീപ്തി മേരി വർഗീസ്. തനിക്ക് കൗൺസിലർമാരുടെ പിന്തുണ ഇല്ല എന്ന് പറയുന്നത് തെറ്റാണ്. കോർ കമ്മിറ്റി ചേരാതെയാണ് തീരുമാനമെടുത്തതെന്നും ദീപ്തി പറയുന്നു. ഇന്നലെ വൈകിട്ട് വരെ കോർ കമ്മിറ്റി ചേർന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് ആണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ ചുമതലയേൽപിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഒരു ചർച്ചയും നടന്നില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ വേദി ഉണ്ടായില്ല.

സ്വതന്ത്രമായി കൗൺസിലർമാർ അഭിപ്രായം രേഖപ്പെടുത്തിയിരുന്നുവെങ്കിൽ തീരുമാനം മറ്റൊന്ന് ആകുമായിരുന്നു. കണക്ക് പറഞ്ഞ് ദീപ്തിക്ക് പിന്തുണയില്ല എന്ന് പറയുന്നത് അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം ഒരു ചർച്ചയും നടന്നില്ല. നിരാശയില്ല, പാർട്ടി ഉത്തരവാദിത്തങ്ങളുമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊച്ചി മേയർ സ്ഥാനം വി.കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവച്ചുള്ള ഡിസിസി പ്രഖ്യാപനം വന്നതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. മേയർ സ്ഥാനം ദീപ്തി മേരി വർഗീസിന് ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിനാണ് ദീപ്തി അനുകൂലികളുടെ ആലോചന. പ്രതിഷേധം പരസ്യമാക്കിക്കൊണ്ട് ദീപ്തി തന്നെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകിയിരുന്നു.

തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി. മേയറെ നിശ്ചയിച്ചത് കെപിസിസി മാനദണ്ഡങ്ങൾ മറികടന്നാണെന്നും രഹസ്യ വോട്ടെടുപ്പ് നടത്തിയെന്നും ദീപ്തി ആരോപിച്ചിരുന്നു. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചെന്ന് ദീപ്തിയുടെ പരാതിയിലുണ്ട്.




Similar Posts