< Back
Kerala
വിട്ടൊഴിയാതെ പകർച്ചവ്യാധി; സംസ്ഥാനത്ത് ഡെങ്കിപ്പനിയുംഎലിപ്പനിയും പടരുന്നു
Kerala

വിട്ടൊഴിയാതെ പകർച്ചവ്യാധി; സംസ്ഥാനത്ത് ഡെങ്കിപ്പനിയുംഎലിപ്പനിയും പടരുന്നു

Web Desk
|
3 May 2025 9:09 AM IST

വൈറൽപ്പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണത്തിലും വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വിട്ടൊഴിയാതെ പകർച്ചവ്യാധി ഭീഷണി. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ കുറവില്ല. വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ എണ്ണവും പ്രതിദിനം പതിനായിരത്തിനടുത്താണ്.

ഒന്നിന് പിറകെ ഒന്നായി പിടിമുറുക്കുകയാണ് പകർച്ചവ്യാധി. ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും പിടിപ്പെട്ട് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ സർക്കാർ ആശുപത്രികളുടെ പടി കയറിയിറങ്ങുന്നു. കഴിഞ്ഞമാസം 347 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ നാലുപേർ മരിച്ചു. ഈ വർഷം ഇതുവരെ ആകെ രോഗം ബാധിച്ചത് 1765 പേർക്ക്.

പാലക്കാട്, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് അധികവും ഡെങ്കി കേസുകൾ. ഏറ്റവും അപകടകാരി എലിപ്പനിയാണ്. ഏപ്രിൽ മാസം 141 പേർക്ക് എലിപ്പനി കണ്ടെത്തി. ഇതിൽ നാലുപേർക്ക് ജീവൻ നഷ്ടമായി. 881 പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടി. 8 പേർ മരിച്ചു.

ഇതിനൊപ്പം ആശങ്കയായി കോളറയും അമീബിക് മസ്തിഷ്കജ്വരവും പടരുന്നു. ഡെങ്കിയും എലിപ്പനിയും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഈ മാസം 15 നകം മൈക്രോ പ്ലാൻ തയ്യാറാക്കണമെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ് നിർദേശം നൽകി. നാമമാത്രമായാണെങ്കിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിരീക്ഷണം നടത്തണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്. മഴക്കാലപൂർവ മുന്നൊരുക്കത്തിന്റെ ഭാഗമായി നിപ - പക്ഷിപ്പനി എന്നിവയ്ക്കെതിരായ നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തും.


Similar Posts