
യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം; സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം: എസ്കെഎസ്എസ്എഫ്
|വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന പ്രാകൃത നിലപാടുകളിൽ നിന്ന് സ്കൂൾ അധികൃതർ പിന്തിരിയണമെന്ന് എസ്കെഎസ്എസ്എഫ് ആവശ്യപ്പെട്ടു
കോഴിക്കോട് : പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിലക്കിൽ പ്രതികരിച്ച് എസ്കെഎസ്എസ്എഫ്. സ്കൂളിൽ വിദ്യാർഥിനിക്ക് പ്രവേശനം നിഷേധിച്ച നടപടി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന പ്രാകൃത നിലപാടുകളിൽ നിന്ന് സ്കൂൾ അധികൃതർ പിന്തിരിയണമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സ്കൂളിൽ വിദ്യാർത്ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യം ഗൗരവത്തിൽ കാണണം. നീതിക്ക് നിരക്കാത്ത ഇത്തരം ചെയ്തികൾ വഴി സമൂഹത്തിൽ ബോധപൂർവ്വം മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങളെ പ്രതിരോധിക്കാൻ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി തയ്യാറാകണം. മതസ്വാതന്ത്ര്യത്തിൻ്റെയും വിദ്യാഭ്യാസ അവകാശത്തിൻ്റെയും നഗ്നമായ ലംഘനം നടത്തുന്നവരുടെ ധിക്കാരപരമായ നിലപാടുകൾ രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും ന്യായമായ ആവശ്യങ്ങളെയും ആശങ്കകളെയും അവഗണിച്ച്, അമിതാധികാരം പ്രകടിപ്പിക്കുന്ന സ്കൂൾ അധികൃതരുടെ ധിക്കാരപരമായ സമീപനം പ്രതിഷേധാർഹമാണെന്ന് എസ്കെഎസ്എസ്എഫ് വ്യക്തമാക്കി.
2008ൽ ഇതേ സ്കൂളിൽ വ്യത്യസ്ത മതത്തിലുള്ള വിദ്യാർഥികളെ കുരിശു വരപ്പിക്കുന്നതിൽ നിന്ന് മനുഷ്യാവകാശ കമ്മീഷൻ വിലക്കിയതാണ്. അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ മാനേജ്മെൻ്റ് തയ്യാറാകാത്തത് ഖേദകരമാണ്. വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന് പകരം വിഭാഗീയത വളർത്തുന്ന നടപടികൾ സ്വീകരിക്കുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ സംസ്കാരത്തിന് കളങ്കമാണ്. സംസ്ഥാന സർക്കാർ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ പ്രതീക്ഷ നൽകുന്നതാണെന്നും എന്നാൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നത് തടയാനും ഇത്തരം വിഷയങ്ങൾ ആവർത്തിക്കാതിരിക്കാനും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.
യോഗത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, അയ്യൂബ് മുട്ടില്‍, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ,അന്‍വര്‍ മുഹിയദ്ധീന്‍ ഹുദവി, ശമീര്‍ ഫൈസി ഒടമല,അഷ്‌കര്‍ അലി കരിമ്പ , മുജീബ് റഹ്‌മാന്‍ അന്‍സ്വരി നീലഗിരി, അനീസ് ഫൈസി മാവണ്ടിയൂര്‍, റിയാസ് റഹ്‌മാനി മംഗലാപുരം,ഇസ്മയില്‍ യമാനി പുത്തൂര്‍,ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുറൂര്‍ പാപ്പിനിശ്ശേരി,നസീര്‍ മൂരിയാട് ,മുഹിയദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍ ,അലി അക്ബര്‍ മുക്കം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ,അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര ,ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്, ,ഷാഫി ആട്ടീരി, അബ്ദു റഹൂഫ് ഫൈസി ആന്ത്രോത്ത് ലക്ഷദ്വീപ്, അസ്ലം ഫൈസി ബംഗ്ലുരു എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.