< Back
Kerala
വിമാനദുരന്തത്തില്‍ മരിച്ച രഞ്ജിതക്കെതിരെ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം; ഡെ.തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍
Kerala

വിമാനദുരന്തത്തില്‍ മരിച്ച രഞ്ജിതക്കെതിരെ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം; ഡെ.തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍

Web Desk
|
13 Jun 2025 12:13 PM IST

രഞ്ജിതയ്ക്ക് അനുശോചനമറിയിച്ചുള്ള പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസില്‍ദാറായ പവിത്രന്‍ അസഭ്യ പരാമര്‍ശം നടത്തിയത്

കാസര്‍കോട്: വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്പെന്റ് ചെയ്തു. റവന്യൂ മന്ത്രി കെ.രാജനാണ് ഈ വിവരം അറിയിച്ചത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. ജില്ലാകളക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

രഞ്ജിതയെ ജാതിയമായി അധിക്ഷേപിച്ച് പവിത്രന്‍ ഫേസ്ബുക്കില്‍ കമന്റ് ഇട്ടിരുന്നു. അസഭ്യം നിറഞ്ഞ രീതിയിലുള്ള പരാമര്‍ശമാണ് നടത്തിയത്. രഞ്ജിതയ്ക്ക് അനിശോചനമറിയിച്ചുള്ള പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസില്‍ദാറായ പവിത്രന്‍ അസഭ്യ പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് വന്നത്.

അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം പവിത്രന്റെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ വ്യക്തമാക്കുന്നത്. നേരത്തെയും സമാനമായ കാര്യത്തിന് പവിത്രന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. രണ്ടാമത്തെ തവണയാണ് സസ്‌പെന്‍ഷന്‍ നേരിടുന്നത്. പോസ്റ്റ് വിവാദമായതിന് പിന്നാലെ പവിത്രന്‍ ഫേസ്ബുക്ക് കമന്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നെയും വിവാദം അവസാനിക്കാത്തതിനാലാണ് തഹസില്‍ദാര്‍ക്കെതിരെ ജില്ലാകളക്ടര്‍ കടുത്ത നടപടി സ്വീകരിച്ചത്. റവന്യൂ വകുപ്പ് ഉദ്യേഗസ്ഥന്‍ എന്ന് പവിത്രന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയതിനാല്‍ വകുപ്പുതല നടപടി വേണമെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ പലരും ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് അടിയന്തര നടപടി.

Similar Posts