
ഹരിയാനയിലെ വോട്ട് കൊള്ള; വാർത്ത ഉള്ളിലൊതുക്കി ദേശാഭിമാനിയും ജന്മഭൂമിയും
|ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന പ്രധാന വാർത്തയെ സിപിഎം മുഖപത്രം ദേശാഭിമാനി ഒൻപതാം പേജിലും ജന്മഭൂമി ഏഴാം പേജിലുമാണ് നൽകിയത്
കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ക്രമക്കേടുകളുടെ വാർത്തകൾ ഉള്ളിലൊതുക്കി ദേശാഭിമാനിയും ജന്മഭുമിയും. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന പ്രധാന വാർത്തയെ സിപിഎം മുഖപത്രം ദേശാഭിമാനി ഒൻപതാം പേജിലും ജന്മഭൂമി ഏഴാം പേജിലുമാണ് നൽകിയത്. രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ട് കൊള്ളയുടെ വർത്തയോടുള്ള ബിജെപി ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണമാണ് ജന്മഭൂമിയിൽ വാർത്തയായത്. ബംഗാൾ സിപിഎമ്മിന്റെ മുഖപത്രം 'ഗണശക്തി' വോട്ട് കൊള്ളയുടെ വാർത്ത ഒന്നാം പേജിൽ നൽകിയപ്പോൾ പാർട്ടിയുടെ തമിഴ്നാട് മുഖപത്രം 'തീകതിരിൽ' വാർത്ത രണ്ടാം പേജിലേക്കൊതുങ്ങി.
ബ്രസീലിയൻ മോഡലിന്റെ ഉൾപ്പെടെ വ്യാജ ചിത്രങ്ങളും മേൽവിലാസങ്ങളും ഉപയോഗിച്ചാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ക്രമക്കേടുകൾ നടത്തിയതെന്ന് തെളിവുകൾ സഹിതം രാഹുൽ ഗാന്ധി ഇന്നലെ വെളിപ്പെടുത്തി. ഹരിയാനയിൽ പോൾ ചെയ്ത വോട്ടുകളിൽ എട്ടിലൊന്ന് വ്യാജമായിരുന്നു. ഇത്തരത്തിൽ 25 ലക്ഷം കള്ളവോട്ടുകളാണ് ഹരിയാനയിൽ പോൾ ചെയ്തതെന്ന് രാഹുൽ ഗാന്ധി ഉന്നയിച്ചു.
ജയിക്കാന്‍ ഉദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ വിഡിയോയും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഗോപാലകൃഷ്ണന്റെ വിഡിയോ രാഹുൽ ഗാന്ധി വ്യാജമായി കെട്ടിച്ചമച്ചതാണെന്നാണ് കിരൺ റിജിജുവിന്റെ പ്രതികരണം. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോപാലകൃഷ്ണന്‍റ വിഡിയോ പ്രദര്‍ശിപ്പിച്ചത്.
ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ക്രമക്കേട് ഉന്നയിച്ച് കോൺഗ്രസ് പരാതികൾ നൽകിയിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എന്നാൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ നിരവധി പരാതികൾ കോൺഗ്രസ് നൽകിയിരുന്നു. മാത്രമല്ല വിഷയത്തിൽ രാജ്യവ്യാപക പ്രചാരണം നടത്തുവാനാണ് കോൺഗ്രസ് തീരുമാനം. ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിൽ കൃത്യമായി വിഷയം ഉയർത്തും.
അതേസമയം, രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ ലാരിസ. വോട്ടർ പട്ടികയിൽ തന്റെ ചിത്രം വന്നത് അവിശ്വസനീയമാണെന്ന് ലാരിസ പറഞ്ഞു. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ലാരിസ വിഡിയോ പങ്കുവെച്ചത്. തന്റെ പഴയ ചിത്രമാണ് ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഉപയോഗിച്ചതെന്നും അവർ പറഞ്ഞു.