< Back
Kerala
ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ‘പിഎംശ്രീ’; ദേശാഭിമാനിയിലെ പഴയ ലേഖനം ചര്‍ച്ചയാകുന്നു

Representation Image

Kerala

'ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ‘പിഎംശ്രീ’; ദേശാഭിമാനിയിലെ പഴയ ലേഖനം ചര്‍ച്ചയാകുന്നു

Web Desk
|
26 Oct 2025 9:13 AM IST

ധാരണപത്രം ഒപ്പുവച്ച്‌ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പദ്ധതികൾ ഏറ്റെടുക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഎം മുഖപത്രം ദേശാഭിമാനിയിൽ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. 'ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ‘പിഎംശ്രീ’ എന്ന തലക്കെട്ടിൽ മൂന്ന് വര്‍ഷങ്ങൾക്ക് മുൻപ് എഴുതിയ ലേഖനമാണ് ചര്‍ച്ചയാകുന്നത്. പിഎംശ്രീ പദ്ധതി നടപ്പാക്കുന്നത്‌ മുഖ്യമായും കേന്ദ്ര സർക്കാർ പ്രോജക്ടായ "സമഗ്ര ശിക്ഷ' മുഖേനയാണ്. അതുകൊണ്ടുതന്നെ, ധാരണപത്രം ഒപ്പുവച്ചില്ലെങ്കിൽ പ്രസ്തുത പ്രോജക്ടിലൂടെ സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന ഫണ്ട് ഒരിക്കലും ലഭിക്കില്ല. അതായത് ധാരണപത്രം എന്നത് സംസ്ഥാനങ്ങളെ കുടുക്കാനുള്ള ഒരു കെണിയായിട്ടാണ് കേന്ദ്ര സർക്കാർ ഉപയോഗിക്കാൻ പോകുന്നതെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ധാരണപത്രം ഒപ്പുവച്ച്‌ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പദ്ധതികൾ ഏറ്റെടുക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. ദേശീയ വിദ്യാഭ്യാസ നയത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് പിഎംശ്രീ എന്ന പുതിയ പദ്ധതി പ്രധാനമായും ഉന്നം വയ്ക്കുന്നത്.

വെല്ലുവിളികളുയർത്തുന്ന "മാതൃകാ വിദ്യാലയങ്ങൾ' ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ധാരണപത്രം ഒപ്പുവയ്ക്കുകയാണെങ്കിൽ മാതൃകാ വിദ്യാലയങ്ങൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കും. എന്തായിരിക്കും ഈ മാതൃകാ വിദ്യാലയങ്ങളുടെ പ്രത്യേകതകൾ? ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരും. കർണാടകത്തിൽ പുരോഗമന നവോത്ഥാന നായകരെയും അവരുടെ ആശയങ്ങളും പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കി. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ ഇതിൽനിന്നു പിന്മാറിയത്. ഉത്തരാഖണ്ഡിലും ഗുജറാത്തിലും ആറുമുതൽ 12 വരെ ക്ലാസുകളിലെ പാഠഭാഗങ്ങളിൽ ഭഗവത്ഗീത ഉൾപ്പെടുത്തി. പഠനഭാരം കുറയ്ക്കാനെന്ന പേരിൽ, പുരോഗമന ആശയങ്ങളും മുഗൾ ഭരണകാലവും ഉൾപ്പെടുന്ന പാഠഭാഗങ്ങൾ എൻസിഇആർടി ഒഴിവാക്കിയതും നമ്മൾ കണ്ടതാണ്.

ഇന്ത്യയുടെ അറിവിലും പൈതൃകത്തിലും അഭിമാനം കൊള്ളുക, ഭാരതത്തിന്റെ നാഗരിക ധാർമികതയിലും മൂല്യങ്ങളിലും അഭിമാനം കൊള്ളുക, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ചൈതന്യം കുട്ടികളിൽ വർധിപ്പിക്കുക...' എന്നിങ്ങനെ പിഎംശ്രീ പദ്ധതി രേഖയിലും ദേശീയ വിദ്യാഭ്യാസ പദ്ധതിയിലെന്നപോലെ കേന്ദ്ര സർക്കാരിന്റെ ഗൂഢലക്ഷ്യം പച്ചയായി പ്രഖ്യാപിച്ചിട്ടുണ്ട്‌. അപ്പോൾ ഈ മാതൃകാ വിദ്യാലയങ്ങളിൽ ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് വ്യക്തമാണല്ലോ. മതനിരപേക്ഷതയെന്ന ഭരണഘടനാമൂല്യം കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു മതാധിഷ്ഠിത വിദ്യാഭ്യാസക്രമം ഇന്ത്യയിൽ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു എന്നാണ് നാം ഭയപ്പാടോടെ തിരിച്ചറിയേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു.

Similar Posts