< Back
Kerala
ശബരിമലയിൽ അസാധാരണ തിരക്ക്, ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ
Kerala

ശബരിമലയിൽ അസാധാരണ തിരക്ക്, ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ

Web Desk
|
18 Nov 2025 2:52 PM IST

ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മുന്നൊരുക്കങ്ങളിലെ അപര്യാപ്തത എത്രയും വേഗം പരിഹരിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ്

പത്തനംതിട്ട: ശബരിമലയില്‍ വന്‍ഭക്ത ജനത്തിരക്ക്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകര്‍. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളില്‍ കനത്ത ക്യൂ. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. തിരക്കിനെ തുടര്‍ന്ന് ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു. നിലവില്‍ ശബരിമലയിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം പ്രസിഡന്റ് കെ. ജയകുമാര്‍. മുന്നൊരുക്കങ്ങളുടെ അപര്യാപ്തതയെന്നും പ്രസിഡന്റ് പറഞ്ഞു.

'ഇത്രയും തിരക്ക് ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. വലിയ ജനപ്രവാഹമാണുള്ളത്. ശബരിമലയുടെ മുറ്റത്ത് നിലവില്‍ അപകടകരമായ ജനത്തിരക്കാണുള്ളത്. ക്യൂവില്‍ ഒരുപാട് നേരം നില്‍ക്കേണ്ടിവരുമെന്ന് ഭയന്ന് ക്യൂ തെറ്റിച്ച് വന്നവരാണധികവും. ഇനിയും ഇത്തരത്തില്‍ ക്യൂ തെറ്റിച്ച് ആളുകള്‍ കടന്നുവരാതിരിക്കാനും കയറിവന്നവര്‍ക്ക് സുഗമമായി പതിനെട്ടാം പടി കയറാനുമുള്ള സൗകര്യം ഒരുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. വൈകാതെ ശരിയാകും. ഇനിയിങ്ങനെ ഉണ്ടാകാതിരിക്കാനുള്ള സംവിധാനം കാണും.' ജയകുമാര്‍ പറഞ്ഞു.

കനത്ത തിക്കിലും തിരക്കിലും പെട്ട് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. വിര്‍ച്വല്‍ ബുക്കിങ് വഴി ഒരു ദിവസം 70000 തീര്‍ഥാടകര്‍ക്കാണ് ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഡിസംബര്‍ രണ്ടു വരെയുള്ള ബുക്കിങ് പൂര്‍ത്തിയായി.

Similar Posts